ന്യൂഡൽഹി : അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന വിവരാവകാശ റിപ്പോർട്ട് പുറത്തുവന്നതിനിടെ, കെ.ടി.യു മുൻ വൈസ് ചാൻസലർ സിസാ തോമസ് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് അഡ്വ. കോശി ജേക്കബ് വഴി സമർപ്പിച്ച തടസഹർജിയിലെ ആവശ്യം. സിസതോമസ് വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്. മുൻ വി.സി എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് സിസതോമസിന് കെ.ടി.യു വി.സിയുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. സർക്കാർ ശുപാർശ തള്ളിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സ്വീകരിച്ച നടപടി വിവാദങ്ങൾക്ക് വഴിവച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസതോമസ്, സർക്കാർ ശുപാർശയില്ലാതെ വി.സിയുടെ ചുമതല ഏറ്രെടുത്തത് അച്ചടക്കലംഘനമാണെന്നാണ് സർക്കാർ നിലപാട്. കാരണം കാണിക്കൽ നോട്ടീസും നൽകി. നിയമനം ചട്ടവിരുദ്ധമല്ലെന്നായിരുന്നു ഹൈക്കോടതി വിധി.
പ്രധാനമന്ത്രിയുടെ സന്ദർശനം:
30 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ധനകാര്യവകുപ്പ് തുക അനുവദിച്ചത്. ഏതൊക്കെ ഇനത്തിലാണ് ടൂറിസം വകുപ്പ് തുക ചെലവിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നരേന്ദ്രമോദി കൊച്ചിയിൽ റോഡ് ഷോയിലും പങ്കെടുത്തിരുന്നു. കൊച്ചി ഷിപ്പ് യാർഡിന്റെ പുതിയ ഡ്രൈഡോക്ക്, ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.
45,127 പേർക്ക് കൂടി മുൻഗണനാ
കാർഡ്: മന്ത്രി അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 45,127 പേർക്കാണ് മുൻഗണനാ കാർഡ് നൽകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നവകേരള സദസിൽ ലഭിച്ച അപേക്ഷകളിൽ അർഹരായവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിതരണം ആരംഭിച്ച 45,127 കാർഡുകൾ ഉൾപ്പെടെ 4,12,913 റേഷൻ കാർഡുകൾ മുൻഗണനാ കാർഡുകളാക്കി.
നവകേരള സദസിൽ മുൻഗണനാ കാർഡുകൾക്കായി സമർപ്പിച്ച 12,302 അപേക്ഷകളിൽ 590 പേർക്കും ഇതോടൊപ്പം കാർഡുകൾ നൽകും. ബാക്കിയുള്ള അപേക്ഷകളിൽ 31നുമുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി 5ന് മുമ്പ് കാർഡുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് ബീന ഭദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |