തിരുവനന്തപുരം: പത്താം ക്ളാസ് യോഗ്യതയുള്ള ഏഴ് തസ്തികൾക്ക് വേണ്ടി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഡിസംബർ 28 ന് നടത്തും. ശേഷിക്കുന്ന മൂന്ന് ഘട്ട പരീക്ഷകൾ 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
പരീക്ഷയ്ക്ക് 7.60 ലക്ഷം അപേക്ഷകർ കൺഫർമേഷൻ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളെ നാലായി വിഭജിച്ചാണ് പ്രാഥമികപരീക്ഷ. ഓരോ ഘട്ടത്തിലും 1.90 അപേക്ഷകർ പരീക്ഷയെഴുതും. നാല് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷകളുടെ മാർക്ക് സമീകരിച്ച് അർഹതാപട്ടിക തയ്യാറാക്കും.
സെക്രട്ടേറിയറ്റ്/പി.എസ്.സി/ ഓഡിറ്റ് വകുപ്പ് തുടങ്ങിയവയിൽ ഓഫീസ് അറ്റൻഡന്റ്, അച്ചടിവകുപ്പിൽ അസിസ്റ്റന്റ് ടൈം കീപ്പർ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ലബോറട്ടറി അസിസ്റ്റന്റ്, സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനിലും സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിലും സ്റ്റോർ കീപ്പർ, കാർഷിക ഗ്രാമവികസന ബാങ്കിൽ പ്യൂൺ/റൂം അറ്റൻഡന്റ് എന്നിവയാണ് പത്താംതലം തസ്തികകളിൽ ഉൾപ്പെടുത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ ടെക്നിക്കൽ എക്സ്പെർട്ട് നിയമനം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ടെക്നിക്കൽ എക്സ്പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയിൽ അസിസ്റ്റന്റ് ഡയറക്ടർ, സമാന തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് അഞ്ചു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന
20ന് വൈകിട്ട് 5ന് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാം നില,റവന്യുകോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 2313385, ടോൾ ഫ്രീ നമ്പർ: 1800 425 1004, www.nregs.kerala.gov.in.
പാച്ചല്ലൂർ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്കാരത്തിന് നാമനിർദ്ദേശവും കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളും ക്ഷണിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ മുൻനിറുത്തിയാണ് സമഗ്ര സംഭാവന പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണിത്. 35 വയസ്സിൽ താഴെയുള്ളവർക്കാണ് സാഹിത്യ പുരസ്കാരം. സമഗ്രസംഭാവന പുരസ്കാരത്തിന് പ്രായപരിധിയില്ല. നവംബർ 30 നു മുൻപ് നാമനിർദ്ദേശവും കൃതികളും സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ്, ആനയറ പി.ഒ, തിരുവനന്തപുരം - 695029 എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ: 9497 27 2622.
ഓർമിക്കാൻ...
1. പി.ജി മെഡിക്കൽ ന്യൂനത പരിഹരിക്കൽ:- 2024-25 അദ്ധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച, സംവരണം ക്ലെയിം ചെയ്ത വിദ്യാർത്ഥികൾക്ക് അവർ സമർപ്പിച്ച രേഖകളിലെ ന്യൂനതകൾ പരിഹരിക്കാൻ 6 വരെ അവസരം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. എൽ എൽ.എം 2024:- ആദ്യ ഘട്ട ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷന് നാല് വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |