ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കൊല്ലത്ത് എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് കേന്ദ്രം പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്. ഗവർണർ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടന്ന പ്രതിഷേധത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായും ഗവർണറെ വിളിച്ച് കാര്യങ്ങൾ തിരക്കിയെന്നാണ് വിവരം.
എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറിയിരുന്നു. ഇന്ന് നടന്ന പ്രതിഷേധത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ഗവർണർ അറിയിച്ചിരുന്നു. ഗവർണർക്ക് കേന്ദ്ര സുരക്ഷ ഏർപ്പെടുത്തിയത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് രാഷ്ട്രീയ തിരിച്ചടിയാണ്. നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷ ഏർപ്പെടുത്തുന്നത്.
അതേസമയം, കൊല്ലത്തെ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ആഞ്ഞടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് അവരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു.
'ദൂരെ നിന്ന് നടത്തുന്ന പ്രതിഷേധങ്ങൾ എനിക്ക് പ്രശ്നമല്ല. അവർ കാറിന്റെ സമീപത്തെത്തിയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. ആ സമയത്ത് എത്ര പൊലീസുകാരാണ് അവരെ തടയാൻ എത്തിയതെന്ന് നിങ്ങൾ കണ്ടതാണ്. ഇപ്പോൾ എന്റെ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെങ്കിൽ കരിങ്കൊടി കാണിച്ച് നിൽക്കുന്ന പ്രതിഷേധക്കാരെ കാറിനരികെ വരാൻ സമ്മതിക്കുമായിരുന്നോ? ഞാൻ പൊലീസിനെ കുറ്റപ്പെടുത്തുകയല്ല. കാരണം അവർ മുകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കുകയാണ്. പിണറായി വിജയനാണ് ഈ നാട്ടിൽ നിയമലംഘനം നടത്താൻ പ്രോത്സാഹിപ്പിക്കുന്നത്- ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |