
□ഒന്നര മണിക്കൂറിനിടെ മുഖ്യമന്ത്രി ലോക്ഭവനിൽ രണ്ട് വട്ടം
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമത്തിൽ ഗവർണർ ആർ.വി. ആർലേക്കറുമായി സമവായത്തിന് ഞായറാഴ്ച ഒന്നര മണിക്കൂറിനിടെ 2 വട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിലെത്തി. കൂടുതൽ നിയമക്കുരുക്കിലേക്ക് പോവാതെ സമവായത്തിലൂടെ രണ്ടിടത്തും നിയമത്തിനുള്ള ഓരോ പേരുകൾ സമർപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കണമെന്ന നിലപാടിൽ ഗവർണർ ഉറച്ചു നിന്നു. എന്നാൽ സിസയെ ഒരുതരത്തിലും നിയമിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.വിസിയായി അക്കാഡമിക്, ഭരണപരമായ മികവുകളുള്ളവർ വരണമെന്നും ബി.ജെ.പി, ആർ.എസ്.എസ് ബന്ധമുള്ളവർ വേണമെന്നില്ലെന്നും ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിലെ വിദഗ്ദ്ധസമിതികളിൽ സിസാതോമസിനെ നേരത്തേ നിയമിച്ചത് അവരുടെ കഴിവിൽ വിശ്വാസമുള്ളതിനാലാണ്. പിന്നീട് വി.സിയായി പരിഗണിക്കുമ്പോൾ തടസവാദമുന്നയിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
സാങ്കേതിക സർവകലാശാലയിൽ ഡോ.സതീഷ് കുമാറിനെയും ഡിജിറ്റലിൽ ഡോ.സജി ഗോപിനാഥിനെയുമാണ് ഒന്നാം പേരായി മുഖ്യമന്ത്രി ശുപാർശ ചെയ്തത്. ഡിജിറ്റലിൽ കേന്ദ്രഫണ്ട് തിരിമറിയിൽ സി.എ.ജി ഓഡിറ്റ് നടക്കുകയാണ്. അഴിമതി അന്വേഷണം നേരിടുന്നവരെ വി.സിയാക്കിയാൽ കടുത്ത നടപടികളിലേക്ക് താൻ കടക്കും. മുഖ്യമന്ത്രിയുടെ പാനലിലുള്ളവർക്കെതിരായ തന്റെ എതിർപ്പ് സീൽ ചെയ്ത കവറിലാണ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇത് തനിക്ക് മാദ്ധ്യമങ്ങൾക്ക് കൈമാറാമായിരുന്നു. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചായിരുന്നു തന്റെ നടപടികളെന്നും ഗവർണർ വ്യക്തമാക്കി. സജിഗോപിനാഥിനെ അംഗീകരിക്കില്ലെന്നും പറഞ്ഞു.
കൂട്ടായി ആലോചിച്ച ശേഷം തിരിച്ചെത്താമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ലോക്ഭവനിൽ നിന്ന് മടങ്ങി. വൈകിട്ട് ആറോടെ തിരിച്ചെത്തി സമവായ സാദ്ധ്യത അറിയിച്ചു. ഡോ.പ്രിയാചന്ദ്രന്റെ പേരാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നറിയുന്നു. സുപ്രീംകോടതി സിസാതോമസിനെ നിയമിച്ചാൽ എതിർക്കില്ലെന്നും കൂടുതൽ നിയമനടപടികൾക്ക് പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒടുവിൽ സമവായമായെന്നാണ് സൂചന.സർക്കാർ- ഗവർണർ തർക്കം നീണ്ടതോടെ,വി.സി നിയമനം സുപ്രീംകോടതി ഏറ്റെടുത്തതിനെതിരെ ഗവർണർ പ്രതികരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തിയത്.
വി.സി നിയമനം
നാളെ
ഇന്നലെ സെർച്ച്കമ്മിറ്റി ഓൺലൈനിൽ യോഗം ചേർന്ന് വി.സിനിയമനത്തിനുള്ള ഓരോ പേരുകൾ തയ്യാറാക്കി. ഇന്ന് സീൽ ചെയ്ത കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കും. വി.സിനിയമനം നാളെ നടത്തുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |