
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുന്‍ മന്ത്രിമാരായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണിത്. രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഈ മോഷണത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത നടപടി തൊണ്ടിമുതല്‍ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താത്തത്? സ്വര്‍ണ്ണം എവിടെ പോയി? അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വില്‍ക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്.
തൊണ്ടിമുതല്‍ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികളെ കണ്ടെത്താന്‍ കഴിയും. നിഗൂഢമായ ഒരു വന്‍ തട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നിട്ടുള്ളത്. അത് പുറത്തു വരണമെങ്കില്‍ തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്കു കൊടുത്ത മൊഴിയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |