ടോൾ പ്ലാസകളിൽ പെട്ടുപോകുമെന്ന ഭയം വേണ്ട! ഫാസ്‌ടാഗ് റീചാർജ് ഇനി എളുപ്പത്തിൽ
രാജ്യത്തെ റോഡ് ശൃംഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ പാതകളിലൂടെ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വാഹനങ്ങളിൽ ഫാസ്‌ടാഗ് നിർബന്ധമാക്കിയതോടെ കൃത്യസമയത്ത് ബാലൻസ് നിലനിർത്തേണ്ടത് യാത്രക്കാർക്ക് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
ദേശീയപാതയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരും യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടോൾ പ്ലാസകളിൽ അവസാന നിമിഷമുണ്ടാകുന്ന പിഴയും ഇരട്ടി തുകയും ഒഴിവാക്കാൻ ഡിജിറ്റൽ യുഗത്തിലെ ചില എളുപ്പവഴികളിലൂടെ സാധിക്കുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊബൈൽ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ മിനിറ്റുകൾക്കകം ഫാസ്‌ടാഗ് ഓൺലൈനായി റീചാർജ് ചെയ്യാനും ഇതിലൂടെ ചെലവഴിക്കുന്ന തുക കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. യുപിഐ ആപ്പുകൾ, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ, മൊബൈൽ വാലറ്റുകൾ എന്നിവയടക്കം വിവിധങ്ങളായ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിന് സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഫാസ്‌ടാഗ് റീചാർജ് ചെയ്യുന്നതിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗം യുപിഐ ആപ്പുകൾ വഴിയുള്ളതാണ്. ഗൂഗിൾ പേ, ഫോൺപെ, പേടിഎം അല്ലെങ്കിൽ ഭീം പോലുള്ള ആപ്ലിക്കേഷനുകൾ വഴി ഫാസ്‌ടാഗ് ഇഷ്യൂ ചെയ്ത ബാങ്ക് തിരഞ്ഞെടുത്ത് വാഹന നമ്പർ നൽകി വളരെ എളുപ്പത്തിൽ പണമടയ്ക്കാം.
NETC.@ എന്ന ഫോർമാറ്റിലുള്ള യുപിഐ ഐഡി നേരിട്ട് ഉപയോഗിച്ചും എളുപ്പത്തിൽ ടോപ്പ്-അപ്പ് ചെയ്യാൻ സാധിക്കും. മാത്രമല്ല പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ വാലറ്റിൽ പണം സൂക്ഷിച്ചുകൊണ്ട് ഓട്ടോമാറ്റിക് ആയി ടോൾ തുക അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഉപയോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വഴിയും ബാങ്ക് പോർട്ടലുകളിലൂടെയും സുരക്ഷിതമായി റീചാർജ് ചെയ്യാവുന്നതാണ്.
മേൽപറഞ്ഞവയ്ക്ക് പുറമെ ഫാസ്‌ടാഗ് ഇഷ്യൂ ചെയ്ത ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയോ അല്ലെങ്കിൽ എൻഎച്ച്എഐയുടെ മൈഫാസ്‌ടാഗ് പോർട്ടൽ വഴിയോ നേരിട്ട് റീചാർജ് ചെയ്യാനുള്ള സുരക്ഷിതമായ സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്.
ഇന്റർനെറ്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടോൾ പ്ലാസകളിലോ അംഗീകൃത പോയിന്റ് ഓഫ് സെയിൽ കേന്ദ്രങ്ങളിലോ നേരിട്ടെത്തി പണമായോ കാർഡ് വഴിയോ ഓഫ്‌ലൈനായി റീചാർജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിശ്ചിത ബാലൻസിന് താഴേക്ക് പോകുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം സ്വയം ഈടാക്കുന്ന ഓട്ടോ-റീചാർജ് സംവിധാനം കൂടി ആക്ടിവേറ്റ് ചെയ്താൽ ദൂര യാത്രകളിൽ ബാലൻസ് തീർന്നുപോകുമെന്ന പേടി ഒഴിവാക്കാം.