SignIn
Kerala Kaumudi Online
Friday, 15 May 2026 2.16 PM IST

ഒരു പെൺകുട്ടി ജനിക്കുമ്പോൾ നടുന്നത് 111 വൃക്ഷത്തൈകൾ; മരുഭൂമിയെ കാടാക്കി മാറ്റിയ ഗ്രാമം

shyam-sunder

ന്യൂഡൽഹി: സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും വലിയ പ്രശ്‌നമായി തുടരുമ്പോൾ, രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമം പ്രത്യാശയുടെ വലിയ സന്ദേശമാണ് നൽകുന്നത്. തെക്കൻ രാജസ്ഥാനിലെ രാജ്‌സ‌മന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന പിപ്ലാന്ത്രി ഗ്രാമത്തിലുള്ളവർ ഇവിടെ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും 111 വൃക്ഷത്തൈകൾ നട്ടുകൊണ്ട് അത്യപൂവമായ മാതൃകയാണ് കാട്ടുന്നത്.

പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2006-ൽ ഗ്രാമത്തിന്റെ മുൻ സർപഞ്ചായിരുന്ന ശ്യാം സുന്ദർ പാലിവാളാണ് ആരംഭിച്ചത്. മരിച്ചുപോയ തന്റെ മകൾ കിരണിന്റെ സ്‌മരണാർത്ഥമാണ് അദ്ദേഹം ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പതിനെട്ടാമത്തെ വയസിൽ നിർജലീകരണത്തെ തുടർന്നാണ് മകൾ മരിച്ചത്. ഈ അവസ്ഥ മറ്റൊരു കുഞ്ഞിനും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതി മുന്നോട്ട് വച്ചത്.

പെൺകുഞ്ഞ് ജനിക്കുന്ന ഓരോ കുടുംബവും ഗ്രാമപഞ്ചായത്തിന്റെ സാന്നിദ്ധ്യത്തിൽ ഒരു സത്യവാങ്‌മൂലം ഒപ്പിടണം. കുട്ടിയെ 18 വയസിന് മുൻപ് വിവാഹം കഴിപ്പിക്കില്ല, സ്ഥിരമായി സ്‌കൂളിൽ അയയ്‌ക്കും, സ്‌ത്രീഭ്രൂണഹത്യ ചെയ്യില്ല, കുട്ടിയുടെ പേരിൽ നട്ട മരങ്ങളെ സംരക്ഷിക്കും എന്നീ ഉറപ്പുകളാണ് നൽകേണ്ടത്. നട്ട മരങ്ങൾ സംരക്ഷിക്കുന്നതിനായി അവയ്‌ക്ക് ചുറ്റും കാറ്റാർവാഴ നട്ടുപിടിപ്പിക്കാറുണ്ട്. പിന്നീട് കാറ്റാർവാഴ ഉൽപ്പന്നങ്ങൾ ഗ്രാമവാസികൾക്ക് ഒരു വരുമാനമാർഗമായും മാറി.

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ 18 വയസിന് മുൻപ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് പിപ്ലാന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികൾ ചേർന്ന് 21000 രൂപയും കുട്ടിയുടെ പിതാവ് 10000 രൂപയും സംഭാവന ചെയ്‌ത് ആകെ 31000 രൂപ പെൺകുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമിടുന്നു. 20 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. പെൺകുട്ടിയുടെ ഭാവിക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സാമൂഹിക മാറ്റത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ മാതൃക രാജ്യത്തിന് മുന്നിൽ വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്. പെൺകുഞ്ഞിനെ ശാപമായി കാണുന്ന സമൂഹമനോഭാവത്തിനെതിരെ ശക്തമായ സന്ദേശമാണ് പിപ്ലാന്ത്രി ഗ്രാമം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY