ഫോണിലെ ഫ്ലാഷ് ലൈറ്റ് മതി, മുട്ട നല്ലതാണോ ചീഞ്ഞതാണോയെന്ന് കണ്ടുപിടിക്കാം
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. മത്സ്യ - മാംസാദികളെ അപേക്ഷിച്ച് വിലയും കുറവാണ്. എളുപ്പത്തിൽ പാകം ചെയ്യാനും കഴിയുന്നു. മീനോ ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങളിൽ മുട്ട വിഭവങ്ങളിൽ ആശ്വാസം കാണുന്നവരാണ് മലയാളികൾ. അതിനാൽതന്നെ മിക്കവരുടെയും വീട്ടിൽ ഇത് വാങ്ങി സൂക്ഷിക്കാറുണ്ട്.
എന്നാൽ ഒരുപാട് നാൾ മുട്ട സൂക്ഷിക്കാൻ കഴിയില്ല. അവ ചീഞ്ഞ് പോകുന്നു. ചീഞ്ഞ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഒരാഴ്ച വരെ പുറത്ത് വച്ചിരിക്കുന്ന മുട്ട കേടാകാതെ ഇരിക്കും. ഫ്രീഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ദീർഘനാൾ കേടാവാതെ ഇരിക്കും. മുട്ടയിലെ പല പോഷകങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ ദിവസം ചെല്ലുംതോറും കുറഞ്ഞ് വരും. ഇത് രോഗാണുക്കൾ വ്യാപിക്കുന്നതിന് കാരണമാകും. ചീഞ്ഞ മുട്ടകൾ കഴിച്ചാൽ ഭക്ഷ്യവിഷാബാധ വരെ വരാം. അതിനാൽ ചീഞ്ഞ മുട്ട തിരിച്ചറിഞ്ഞ് അവ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ചീഞ്ഞ മുട്ട വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനായാലോ?
ആദ്യം ഫോണിലെ ഫ്ളാഷ് ലൈറ്റ് ഓൺ ചെയ്ത് ഒരു പ്രതലത്തിൽ വയ്ക്കാം. ഇനി ഈ വെളിച്ചത്തിന് നേരേയായി മുട്ട പിടിച്ചുനോക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മുട്ടയ്ക്കുള്ളിൽ മഞ്ഞ നിറം കാണുകയാണെങ്കിൽ അത് നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം.എന്നാൽ ചീഞ്ഞ മുട്ട വെളിച്ചത്തിന് മുകളിലായി വയ്ക്കുമ്പോൾ മഞ്ഞ നിറം കാണുകയില്ല. ഇത്തരത്തിൽ ചീഞ്ഞ മുട്ട സെക്കന്റുകൾകൊണ്ട് കണ്ടുപിടിക്കാം.