
കോട്ടയം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ച് രാസവളത്തിനൊപ്പം കീടനാശിനി വിലയും കുതിച്ചുയർന്നു. കൃഷിച്ചെലവ് വർദ്ധിച്ചതോടെ മിക്ക കാർഷികോത്പന്നങ്ങൾക്കും മുടക്കുമുതൽ തിരിച്ചു കിട്ടാത്ത സ്ഥിതിയായി. വിവിധവിളകളുടെ വിലത്തകർച്ചയും വിളനാശവും ഉത്പാദന കുറവും മൂലം കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് ഇരുട്ടടി പൊലെ കീടനാശിനി വിലയും വർദ്ധിച്ചത്.
രാസവള വില വർദ്ധനയിലെ പ്രതിസന്ധി മറി കടക്കാൻ ജൈവവളം കൂടുതലായി ഉപയോഗിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഒരു കിലോ രാസവളത്തിന്റെ സ്ഥാനത്ത് ആറിരട്ടി ജൈവവളം ഉപയോഗിച്ചാലേ പ്രയോജനം ലഭിക്കൂ എന്ന് കർഷകർ പറയുന്നു. ജൈവവള വിലയും ഉയരുന്ന സാഹചര്യത്തിൽ ഇതും കർഷകർക്ക് നഷ്ടമാണ്.
പ്രകൃതി വാതകം ഉപയോഗിച്ചാണ് രാസവളങ്ങൾ കൂടുതലും ഉത്പാദിപ്പിക്കുന്നത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ രാസവള ഉത്പാദന ചെലവിൽ 30-40 ശതമാനം വർദ്ധനവ് ഉണ്ടായി. പമ്പിംഗ്, കൂലി, കൊയ്ത്തു യന്ത്രവാടക തുടങ്ങിയവയും വർദ്ധിച്ചു. എന്നാൽ, കാർഷികോത്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
റബർ, കുരുമുളക് കുമിൾനാശിനിയായ തുരിശ് വില 300ൽ നിന്ന് 600 ആയി.
നെൽകർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് വില 1400 ൽ നിന്ന് 1525 രൂപയും 1750രൂപയും ആയ ശേഷം 2100 ആയി കുതിച്ചുയർന്നു.
പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയിൽ നിന്ന് 1975 രൂപയായി.
എൻ.പി.കെ 16:16 വില 1650ൽ നിന്ന് 2050 രൂപയായി
എൻ.പി.കെ 18: 18: 18 ന് 1300 രൂപയിൽ നിന്ന് 1390 രൂപയായി
നല്ല വിളവ് കിട്ടണമെങ്കിൽ ഉപയോഗിക്കേണ്ട രാസവളത്തിനും കീടനാശിനിക്കും ഓരോ ആഴ്ചയും വില വർദ്ധിക്കുകയാണ്. പകരം ജൈവ വളം പറ്റില്ല. കൃഷി ചെലവ് കൂട്ടും. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണം.
ശിവദാസ്
കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |