ആലപ്പുഴ: നവകേരള സദസിനിടെ കെ.എസ്.യു -യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിൽ ആലപ്പുഴ സൗത്തിലും പൂച്ചാക്കലിലും പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ജില്ലയിലെ മറ്റിടങ്ങളിൽ മാർച്ച് സമാധാനപരമായിരുന്നു. സമരക്കാർക്കെതിരെ ഗതാഗത തടസം സൃഷ്ടിച്ചതിന് പൊലീസ് കേസെടുത്തു.
ആലപ്പുഴ നഗരത്തിൽ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തിയത്. മുല്ലക്കൽ, പുത്തനങ്ങാടി, കളർകോട്, ബീച്ച്, കുതിരപ്പന്തി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കറുത്ത വസ്ത്രംധരിച്ചെത്തിയ പ്രവർത്തകർ സൗത്ത് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ടൗൺഹാൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ ബരിക്കേഡ് ഉപയോഗിച്ച് ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ തടഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി.സുഗതൻ സമരം ഉദ്ഘാടനം ചെയ്തു. പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് വയലാർ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, പി.ജെ.മാത്യു, സജ്ജീവ് ഭട്ട്, സി.വി.മനോജ്, റോജി ജോൺ, വത്സല രാമചന്ദ്രൻ, ഷോളി സിദ്ധകുമാർ, ഷിജു താഹ തുടങ്ങിയവർ സംസാരിച്ചു. പ്രസംഗശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ വീണ്ടും ശ്രമിച്ചു. പൊലീസ് വലയം ഭേദിച്ച് ആറ് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന്റെ പ്രധാന ഗേറ്റിലേക്ക് ഓടി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഇവരെ തടഞ്ഞു. വനിതാ പ്രവർത്തകരും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വനിതാ പൊലീസുകാർ ലാത്തി കൊണ്ട് വനിതാ പ്രവർത്തകരെ തടഞ്ഞതോടെ എസ്.ഐ ജോസും പ്രവർത്തകരുംതമ്മിൽ വാക്കേറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |