ആലപ്പുഴ: ലഹരിക്കെതിരെ കർശന നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശമുണ്ടായിട്ടും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴയിൽ നൂറോളം ഹോട്ട് സ്പോട്ടുകൾ. കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന ഓച്ചിറ, കായംകുളം പ്രദേശങ്ങൾ, അഴീക്കൽ തീരദേശം, വള്ളികുന്നം, ചാരുംമൂട് മേഖലകളാണ് തെക്കൻ മേഖലയിലെ പ്രധാന ലഹരി ഇടപാട് കേന്ദ്രങ്ങൾ. അരൂർ- തണ്ണീർമുക്കം മേഖലകൾ കേന്ദ്രീകരിച്ചാണ് വടക്കൻ മേഖലയിലെ വ്യാപാരം. അർത്തുങ്കൽ, കുത്തിയതോട് അതിർത്തികളിലെ തീരദേശപാതകളും ലഹരി മാഫിയകളുടെ കൈയിലാണ്. മെട്രാനഗരമായ കൊച്ചിയിൽ നിന്നാണ് വടക്കൻ മേഖലകളിലെ ലഹരിയുടെ ഒഴുക്കെങ്കിൽ തിരുവനന്തപുരം, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കായംകുളം, വള്ളികുന്നം ഭാഗങ്ങളിൽ ലഹരിയെത്തുന്നത്. കഞ്ചാവിനേക്കാൾ സിന്തറ്റിക് ഡ്രഗുകളുടെ കടത്തും വിൽപ്പനയുമാണ് വ്യാപകമായിരിക്കുന്നത്.
കണ്ണുവെട്ടിക്കാൻ
ഡ്രഗ്ഷാഡോയിംഗ്
പൊലീസിനെയും എക്സൈസിനെയും ഡ്രഗ് ഷാഡോയിംഗിലൂടെ മറികടക്കുന്നതാണ് ലഹരിമാഫിയയുടെ പുതിയ രീതി. ലഹരികടത്ത് സംഘത്തിലെ ഒരാൾ മയക്കുമരുന്ന് വാങ്ങാനായി കേരളത്തിന് പുറത്തേക്ക് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അതിന് സമാന്തരമായി മറ്റൊരാൾ കൂടി യാത്രചെയ്ത് കാര്യം നിർവഹിക്കുന്നതാണ് ഡ്രഗ് ഷാഡോയിംഗ്.
രണ്ട് പേർ ഒരേ സമയം ഒരേ റൂട്ടിൽ സഞ്ചരിക്കുമ്പോൾ ഒരാളെ ഒറ്റുകയോ, പിടിയിലാകുകയോ ചെയ്താൽ പോലും കാര്യം നടക്കും. ഫോൺ വഴിപോലും ബന്ധം പുലർത്താത്തതിനാൽ സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമേ ഇത്തരം കടത്തുകാരനെ കണ്ടെത്താനാകു.
പറന്നെത്തും
ബുള്ളറ്റ് റാണിമാർ
ബംഗളുരുവിൽ നിന്നോ, മുംബൈയിൽ നിന്നോ മണിക്കൂറുകൾക്കകം മയക്കുമരുന്ന് സുരക്ഷിതമായെത്തിക്കാൻ ഡ്യൂക്കിലും ബുള്ളറ്റിലും പറക്കുന്ന റാണിമാർ വരെ ലഹരിസംഘത്തിന്റെ കൈയിലുണ്ട്. ലഹരിയുടെ വിപണി മൂല്യത്തിന് അനുസരിച്ചാണ് പ്രതിഫലം. കൊച്ചിയിൽ നിനാനാണെങ്കിൽ കുറഞ്ഞത് പതിനായിരം രൂപയാണ് കടത്തുകൂലി. ലഹരി മാഫിയ സംഘത്തിന്റെ ആഡംബര ബൈക്കുകളിലോ കാറുകളിലോ ആകും സവാരി. ഹെൽമറ്റും കൂളിംഗ് ഗ്ളാസുമിട്ട് ബുള്ളറ്റും ഡ്യൂക്കും പറത്തിവരുന്നത് കള്ളക്കടത്തുകാരാണെന്ന് ആരും സംശയിക്കില്ല. അന്തർ സംസ്ഥാനം യാത്രകളിൽ ദമ്പതികളെന്ന വ്യാജേന ജോഡികളായി ലഹരി കടത്തുന്നവരുമുണ്ട്. കായംകുളത്തിന് സമീപത്തെ രണ്ട് യുവതികൾ ഇത്തരത്തിൽ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |