ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.കെ.എം.ഷാജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജീർണതയ്ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ചാണ് സേവ് കേരള ഫോറത്തിന്റെ സ്ഥാനാർത്ഥിയായി ഷാജഹാൻ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്നത്. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾക്ക് പോലും അപരന്മാരില്ലാത്ത മണ്ഡലത്തിൽ തനിക്കെതിരെ സി.പി.എം അപരനെ രംഗത്തിറക്കിയത് തന്റെ സ്ഥാനാർത്ഥിത്വത്തെ പാർട്ടി എത്രത്തോളം ഭയക്കുന്നുവെന്നതിന് തെളിവാണെന്ന് ഷാജഹാൻ പറയുന്നു.
എന്തുകൊണ്ട് ആലപ്പുഴയിൽ സ്ഥാനാർത്ഥിയായി?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ജീർണ്ണിച്ച ഘടകമാണ് ആലപ്പുഴ ജില്ലയിലേത്. പുന്നപ്ര വയലാറിന്റെ പാരമ്പ്യര്യമുള്ളതും, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് നോതാക്കളെ വാർത്തെടുത്തതുമായ ആലപ്പുഴയിലെ പാർട്ടി ഇന്ന് ലഹരി കച്ചവടക്കാരന്റെയും, അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നവരുടെയും നിയന്ത്രണത്തിലാണ്. ജി.സുധാകരനെ പോലുള്ള നേതാക്കൾ കഷ്ടിച്ച് പാർട്ടി അംഗമായി തുടരുന്നു. പാർട്ടിയിലെ ജീർണതയ്ക്കെതിരെയാണ് എന്റെ മത്സരം. അതിന് ഏറ്റവും അനുയോജ്യം ആലപ്പുഴയാണ്. ആലപ്പുഴക്കാരനായ വി.എസ് അച്യുതാനന്ദന്റെ പ്രധാന ശിഷ്യനെന്ന് ഞാൻ അവകാശപ്പെടുന്നു. കൂടാതെ എന്റെ ബന്ധുക്കളിൽ തൊണ്ണൂറ് ശതമാനവും ആലപ്പുഴക്കാരാണ്.
പ്രചരണ രീതി?
പരമ്പരാഗത പ്രചരണരീതികളില്ല. സോഷ്യൽ മീഡിയയെ പ്രധാന പ്രചരണ മാദ്ധ്യമമാക്കും. എല്ലാ ദിവസവും രാത്രി 8.30ന് ഫെയ്സ്ബുക്ക് ലൈവുണ്ടാകും. ഇത്തരത്തിൽ പ്രചരണം നടത്തുന്ന ഏക സ്ഥാനാർത്ഥി ഞാനാണ്. സ്വന്തം യു ടൂബ് ചാനലായ 'പ്രതിപക്ഷ'ത്തിലെ വിവിധ വീഡിയോകളിലെ പ്രസക്ത ഭാഗങ്ങൾ റീൽസാക്കി വോട്ടർമാരിലെത്തിക്കും. പ്രസംഗപീഠമുള്ള വാഹനത്തിൽ മണ്ഡലത്തിൽ അങ്ങോളമിങ്ങോളം പര്യടന പരിപാടിയും നടത്തുന്നുണ്ട്.
ആരുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു?
സി.പി.എം വോട്ട് ബാങ്കിൽ വിള്ളലുണ്ടാകും. കെ.സി വേണുഗോപാലിനോട് കോൺഗ്രസിൽ അസംതൃപ്തിയുള്ളവർക്കും ഞാനൊരു സാധ്യതയാണ്. അരിവാൾ ചുറ്റിക നക്ഷത്രമെന്ന ചിഹ്നത്തെ കുത്താൻ മടിയുള്ളവർക്കും എന്നെ തിരഞ്ഞെടുക്കാം. ബി.ജെ.പി അണികൾ നേതൃത്വത്തിനെതിരാണ്. അവർക്കും ഞാനൊരു പ്രതീക്ഷയാകും.
പ്രചരണ ചെലവ് എങ്ങനെ കണ്ടെത്തുന്നു?
യൂടൂബ് ചാനൽ വഴി ക്രൗണ്ട് ഫണ്ടിങ്ങ് വീഡിയോ ചെയ്തിരുന്നു. അങ്ങനെ ലഭിച്ച തുക വിനിയോഗിച്ചാണ് പ്രചരണം. ആളില്ലായ്മയും പണമില്ലായ്മയും വോട്ടിനെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |