ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്
ആലപ്പുഴ: ഇന്നലെ പെയ്ത തോരാമഴയ്ക്കൊപ്പം കിഴക്കൻ വെള്ളം കൂടി കുത്തിയൊലിച്ചെത്തിയതോടെ കുട്ടനാടുൾപ്പടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കുപ്പപ്പുറം ഓംകാളി ക്ഷേത്രത്തിന് സമീപം തെങ്ങ് കയറ്റത്തിനിടയിൽ കാൽ വഴുതി കായലിൽ വീണ് മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡിൽ കായിപ്പുറം പഠാണി വെളിയിൽ പി.സി.രഞ്ജിത്തിനെ(40)കാണാതായി.
രഞ്ജിത്തിനായി ആലപ്പുഴ ഫയർ ഫോഴ്സ് യൂണിറ്റ് രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. ആലപ്പുഴ തിരുമല വാർഡിൽ വെള്ളം കയറിയ വീട്ടിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുമല വാർഡ് വട്ടപ്പറമ്പിൽ അനിരുദ്ധനാണ് (70) മരിച്ചത്.
വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി റോഡ് ഗതാഗതം താറുമാറായി. ശക്തമായ കാറ്റിൽ ഇന്നലെയും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മാത്രം 19 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നിലവിൽ അമ്പലപ്പുഴ താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 103 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 12 കുടുംബങ്ങളെയും ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ 216 കുടുംബങ്ങൾക്കായി 11 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |