ഇരിട്ടി: കാവേരി നദിയുടെ ഭാഗമായ വീരാജ്പേട്ട താലൂക്കിലെ ബേത്രി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. ബുധനാഴ്ച രാവിലെ നദീ തീരത്തെത്തിയ പ്രദേശവാസി ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് തയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
വിവരമറിയിച്ചതിനെത്തുടർന്ന് വീരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ വാണിശ്രീയും സംഘവും സ്ഥലത്തെത്തി. മുങ്ങൽ വിദഗ്ധനായ മട്ടപ്പയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് മടിക്കേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയില്ലാത്ത മൃതദേഹത്തിന് 15 മുതൽ 20 ദിവസം വരെ പഴക്കമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 35നും നാൽപതിനുമിടയിൽ പ്രായം തോന്നിക്കുന്നതായും പൊലീസ് പറഞ്ഞു. കറുത്ത നിറത്തിലുള്ള പാന്റ്സും ചുവന്ന നിരത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശമാണ് വീരാജ് പേട്ട.
മരിച്ചയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് വീരാജ്പേട്ട പൊലീസ് അറിയിച്ചു. ഫോൺ: 9480804956 , 9480804952
മരണത്താഴ്വരയായി കുടകിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ
കർണാടകയിലെ കുടക് ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ വിവിധ മാർഗങ്ങളിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിക്ഷേപിച്ച് കുറ്റവാളികൾ കടന്നുകളയുന്നുവെന്നാണ് പറയപ്പെടുന്നത്. ഒന്നരവർഷം മുമ്പ് മാക്കൂട്ടം ചുരം റോഡിൽ ഈരായി കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെ കുറിച്ച് ഇതുവരെ തുമ്പും ലഭിച്ചിട്ടില്ല. ആളെ തിരിച്ചറിയാൻ പോലും കഴിയാതെ ഇതിന്റെ അന്വേഷണം ഏറെക്കുറെ ഉപേക്ഷിച്ച നിലയിലാണ്. കർണാടക പോലീസ് കേരളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചിട്ടില്ല. യുവതികളെ കാണാതായ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല. കുടകിലെ ആളൊഴിഞ്ഞ കാപ്പിത്തോട്ടത്തിൽ അജ്ഞാത മൃതദേഹം പെട്രോൾ ഒഴിച്ച് കത്തികരിച്ച നിലയിൽ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണത്തിൽ ആന്ധ്രസ്വദേശിയായ റിയൽ എസ്റ്റേറ്റ് ഉടമയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിൽ രണ്ടാം ഭാര്യ ഉൾപ്പെടെയുള്ള പ്രതികൾ പിന്നാലെ പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |