ബീച്ചിലെ പാരാഗ്ലൈഡിംഗ് നിറുത്തണമെന്ന് നഗരസഭ
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നടന്നുവരുന്ന പാരാ ഗ്ലൈഡിംഗ് നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ ഇടപെടൽ. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പാരാഗ്ലൈഡിംഗ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച് വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. വിഷയം സംബന്ധിച്ച് ഫിനാൻസ് കമ്മിറ്റി ചർച്ച ചെയ്തു. പാരാഗ്ലൈഡിംഗ് നിറുത്തി വയ്ക്കണമെന്ന് നഗരസഭ സെക്രട്ടറി മുഖാന്തിരം ഇന്നലെ പോർട്ട് ഓഫീസർക്കും ജില്ലാ പൊലീസ് മേധാവിക്കും കത്ത് നൽകി. ഔദ്യോഗിക അനുമതി ഇല്ലാതെയാണ് ബീച്ചിൽ സാഹസിക ഇനങ്ങൾ നടത്തുന്നതെന്ന് ജോസ് ചെല്ലപ്പൻ പറഞ്ഞു. പാരാ ഗ്ലൈഡിംഗ് ഉപകരണം പറന്നുയരുന്നതിനും തിരിച്ചിറക്കുന്നതിനും പരിമിതികളുണ്ട്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. നടത്തിപ്പുകാർ വിനോദ നികുതി ഒടുക്കുന്നില്ലെന്നും നിയമാനുസൃതമായ രേഖകൾ ഇവർക്കില്ലെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു.
പാരാഗ്ലൈഡ് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേർന്ന ഫിനാൻസ് കമ്മിറ്റി യോഗത്തിൽ എം.എസ്. സർജു, ബീന കൊച്ചുബാവ, ജൂലിയൻ ജോസഫ്, ലാലി വേണു, ആർ. കണ്ണൻ, എം.എസ് മേനക എന്നിവർ പങ്കെടുത്തു.
സുരക്ഷാ ഭീഷണിയെന്ന്
ബീച്ചിൽ ആദ്യം കടലിനു മുകളിലൂടെയാണ് പാരാ ഗ്ലൈഡിംഗ് നടത്തിയിരുന്നത്
ഇപ്പോൾ ജനവാസ മേഖലയിലൂടെയാണ് കടന്നു പോകുന്നത്
ഉപകരണത്തിന്റെ മോട്ടോറിന്റെ ശബ്ദം അസഹനീയമെന്ന് പരാതിയിലുണ്ട്
നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി
ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പാരഗ്ലൈഡിംഗ് നടത്തുന്നത് . ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സാഹസിക അഭ്യാസം നിറുത്തി വയ്ക്കണം
- ജോസ് ചെല്ലപ്പൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ