അമ്പലപ്പുഴ: സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പെരിയോന്റെ പറമ്പിൽ കെ. സജീവനെ കാണാതായി ഒരു മാസം തികഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഇന്നലെ വൈകിട്ട് 4ന് എ.കെ.ഡി.എസ് 62-ാം നമ്പർ കരയോഗ ഹാളിൽ ചേർന്ന യോഗം അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചു. വരും ദിവസങ്ങളിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്തംബർ 29ന് ഉച്ചയോടെയാണ് സജീവനെ കാണാതായത്. മത്സ്യ ബന്ധനത്തിന് പോയി തിരികെ ഉച്ചയ്ക്ക് 11.30 ഓടെ തോട്ടപ്പള്ളി ഹാർബറിലെത്തിയ സജീവൻ വീട്ടിലെത്തിയിരുന്നില്ല. രാത്രിയോടെ ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |