ചാരുംമൂട് : ചാരുംമൂട്ടിൽ ബക്കറ്റ് പിരിവിന് എത്തിയ സി.പി.ഐക്കാർ, സംഭാവന കുറഞ്ഞു പോയതിന്റെ പേരിൽ ബേക്കറിയിൽ ആക്രമണം നടത്തിയതായി പരാതി. ബേക്കറി ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റുമായ എം.എസ്.സലാമത്താണ് പരാതി നൽകിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ എത്തിയ സി.പി.ഐ പ്രവർത്തകർ നൂറ് രൂപ സംഭാവനയായി നൽകിയത് കുറഞ്ഞ് പോയെന്ന് ആക്രോശിച്ച് കടയിൽ ഇരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് തകർക്കുകയും തടയാൻ ശ്രമിച്ച തന്നെ മർദ്ദിക്കുകയും തടസം പിടിക്കാൻ ചെന്ന വനിതാ ജീവനക്കാരിയെ കൈയേറ്റം ചെയ്തെന്നും സലാമത്ത് നൂറനാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ചാരുംമൂട് യൂണിറ്റ് പ്രസിഡന്റുമായ രാജു അപ്സരയും യൂണിറ്റ് സെക്രട്ടറി ഗിരീഷ് അമ്മയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |