അമ്പലപ്പുഴ: രോഗികൾ എന്ന വ്യാജേന ആലപ്പുഴ മെഡി. ആശുപത്രി ഒ.പിയിൽ എത്തി മൊബൈൽ ഫോണും പണവും കവരുന്ന ദമ്പതികൾ പിടിയിൽ. കൊല്ലം കുണ്ടറ പടപ്പക്കര ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് ഇന്നലെ രാവിലെ ഒ.പി ഹാളിൽ നിന്ന് എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 5 ന് ഒ.പി ഹാൾ പരിസരത്തു നിന്നു നൂറനാട് സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. പരാതിയിൽ അന്വേഷണം തുടരവെ സി.സി ടി.വി ദൃശ്യങ്ങളിൽ ഈ ദമ്പതികളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇവർ 11 ന് ആശുപത്രിയിൽ ഇരിക്കുന്നത് എയ്ഡ് പോസ്റ്റിലെ സി.പി.ഒ അനശ്വറിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഗ്രേഡ് എസ്.ഐ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പഴയ സി.സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ദമ്പതികൾ കുടുങ്ങിയത്. അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കുത്തിയതോട് സ്വാദേശിനിയുടെ 10,000 രൂപയും മൊബൈൽ ഫോണും മുൻപ് മോഷ്ടിച്ചിരുന്നതായും ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർ ടോൾസൺ പി.ജോസഫ്, ജൂനിയർ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം, ഗ്രേഡ് എസ്.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |