കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ ഇൻഫോപാർക്ക് ഐ.ടി സൗകര്യം ഒരുക്കും. കെട്ടിടത്തിലെ ആറുനിലകളിലായി 39,880 ചതുരശ്രയടി സ്ഥലത്ത് ഫ്‌ളക്‌സി വർക്ക് സ്‌പെയ്‌സുകൾ ഒരുക്കാൻ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും ധാരണാപത്രം ഒപ്പിട്ടു. ഐ.ടി കേന്ദ്രത്തിൽ 500 തൊഴിലവസരങ്ങൾ ഒരുങ്ങും.
കൊവിഡ് കാലത്ത് വ്യാപകമായ കോ വർക്കിംഗ് സ്‌പെയ്‌സിന്റെ ആവശ്യം വർദ്ധിക്കുന്നത് പരിഗണിച്ചാണ് ഫ്‌ളക്‌സി വർക്ക് സ്‌പെയ്‌സ് ഒരുക്കുന്നത്. യാത്രാസൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന കേന്ദ്രം ഐ.ടി, ഐ.ടി. അധിഷ്ടിത കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗപ്പെടുത്താം. 2024 ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരകേന്ദ്രമായ സൗത്ത് മെട്രോ സ്റ്റേഷനിലെ വർക്ക് സ്‌പെയ്‌സ് ഐ.ടി വളർച്ചയിലെ പ്രധാന ചുവടുവെയ്പ്പാണെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. പാൻട്രി ഏരിയ, ഇവന്റുകൾക്ക് സ്ഥലം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. യാത്രാക്ലേശം ഇല്ലാതെ ജീവനക്കാർക്കെത്തിപ്പെടാവുന്ന തൊഴിലിടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്തിൽ ഇൻഫോപാർക്ക് ഒരുക്കുന്ന സൗകര്യം ഐ.ടി വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാണെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |