കൊച്ചി: ആയുർവേദ തിരുമ്മൽ കേന്ദ്രമെന്ന് പേര്. പക്ഷേ നടക്കുന്നതത്രയും ലഹരിയിടപാടും അനാശ്യാസ പ്രവർത്തനങ്ങളും ! പൊലീസിന്റെ ശ്രദ്ധയൊന്ന് പാളിയത് മുതലെടുത്ത് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും മുളച്ചുപൊന്തി അനധികൃത സ്പാകൾ. വ്യാപക പാരാതികൾ ഉയർന്നതോടെ കഴിഞ്ഞദിവസം പൊലീസ് വീണ്ടുമിറങ്ങി. മിന്നൽ പരിശോധനയിൽ 16 തിരുമ്മൽ കേന്ദ്രങ്ങൾക്ക് പൂട്ടുവീണു. 81 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൂട്ടിച്ച സ്ഥാപനങ്ങളോട് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന്റെ മറപറ്റിയായിരുന്നു ജില്ലയിൽ വ്യാപകമായി അനധികൃത തിരുമ്മുകേന്ദ്രങ്ങൾ ഉയർന്നത്. കൊച്ചി നഗരത്തിൽ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ പൊലീസ് മിന്നൽ പരിശോധന നടത്തി ഇത്തരം സ്ഥാപനങ്ങളെ കെട്ടുകെട്ടിച്ചിരുന്നു. മാസങ്ങളോളം സ്ഥാപനം അടച്ചിട്ടശേഷം രഹസ്യമായി തുറന്ന് പ്രവർത്തിക്കുകയായിരുന്നു. നല്ലനിലയിൽ നടക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്കും ആധുനിക സ്പാകൾക്കും പേരുദോഷമുണ്ടാക്കുകയാണ് ഇത്തരക്കാർ.
ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടി പാർലറിന്റെ ലൈസൻസ് ദുരുപയോഗപ്പെടുത്തിയുള്ള സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്നും മറ്റും യുവതികൾ എത്തുന്നുണ്ട്. തിരുമ്മലിന്റെ പേരിൽ അനാശാസ്യമാണ് നടക്കുന്നതെന്നാണ് വിവരം. മണിക്കൂറിന് 1,500 രൂപ മുതലാണ് നിരക്ക്. ആഡംബരം കൂടുന്നതനുസരിച്ച് നിരക്കും കൂടും. പൊലീസ് ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകൾ മാത്രം
സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നിൽ പുരുഷന്മാരാണെങ്കിലും ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സംഘത്തിൽ മലയാളികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഫോണിൽ മലയാളികളാണ് സ്പായെക്കുറിച്ചും ഫീസുകളെക്കുറിച്ചും വിവരങ്ങൾ നൽകുന്നത്. കൂടുതൽ പേരും ഒന്നിലധികം കേന്ദ്രങ്ങൾ നടത്തുന്നവരാണ്.
അന്വേഷിക്കുന്നത്
• പിന്നിൽ ആരെല്ലാം
• മനുഷ്യക്കടത്ത്
• ക്രിമിനൽ ബന്ധം
• വന്നുപോകുന്നവർ
• ലൈൻസൻസ്
മേമ്പൊടിക്ക് ആയുവേദം
കൊച്ചി നഗരത്തിലെ ഒരു ആയുർവേദ സ്പായെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത് രസകരമായ വിവരങ്ങളാണ്. ഇവിടുത്തെ ഡോക്ടർക്ക് ആയുർവേദമെന്തെന്ന് പോലും അറിയില്ല. ജീവനക്കാർക്കും ലൈൻസസില്ല. ചികിത്സയ്ക്കായി ഉഴിച്ചിൽ നടത്തണമെങ്കിൽ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. നഗരപ്രദേശത്തെ വ്യാജതിരുമ്മൽ കേന്ദ്രങ്ങളിലെല്ലാം ഇതാണ് സ്ഥിതി.
ലഹരിയിടപാട്
കഴിഞ്ഞദിവസങ്ങളിൽ മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്ന രണ്ട് കേസുകളാണ് എക്‌സൈസും പൊലീസും രജിസ്റ്റർ ചെയ്തത്. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറാപ്പി ആൻഡ് സ്പാ എന്ന മസാജ് പാർലർ നടത്തിയ പരിശോധനയിലാണ് നടത്തിപ്പുകാരനായ കാക്കനാട് കുസുമഗിരി സ്വദേശി ആഷിൽ ലെനിൻ (25) എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. മസാജ് പാർലറിൽ അസ്വാഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.ബ്രൗൺ മെത്ത് വിഭാഗത്തിൽ പെടുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ കടവന്ത്രയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |