കൊച്ചി: 400 പൊലീസുകാർ, 90 അന്വേഷണ സംഘം, 194 ഇടങ്ങളിൽ പരിശോധന... 24 മണിക്കൂറിനുള്ളിൽ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത് പിടികിട്ടാപ്പുള്ളികളും ഗുണ്ടകളുമടക്കം 114 പേരെ. 'ഓപ്പറേഷൻ ജാഗ്രത' എന്ന പേരിൽ സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബറിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. ഡി.സി.പി എസ്. സുദർശൻ, എ.സി.പിമാർ എന്നിവരുമുണ്ടായിരുന്നു.
പോക്സോയടക്കമുള്ള കേസുകളിൽ മുങ്ങിനടന്നവർ, നിലവിൽ അന്വേഷണം നേരിടുന്നവർ എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ചത്തെ തയ്യാറെടുപ്പുകളാണ് പൊലീസ് നടത്തിയത്.
നാല് സബ് ഡിവിഷനുകളിൽ നിന്നുള്ള പൊലീസുകാർ 24 മണിക്കൂർ തുടർച്ചയായി ഇതിന്റെ ഭാഗമായി. അറസ്റ്രിലായവരിൽ അധികവും കൊച്ചിയിൽ നിന്ന് മുങ്ങിയശേഷം അന്യജില്ലകളിൽ രഹസ്യപേരിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിലും പൊലീസ് സമാനമായി റെയ്ഡ് നടത്തിയിരുന്നു.
നിലവിൽ കൊച്ചിയിൽ ലഹരിക്കേസിലും വൻ വർദ്ധനയുണ്ട്. പോയവർഷം സിറ്റിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 1,359 കേസുകൾ. അറസ്റ്റിലായത് 1551 പേർ. 326.53 കിലോ കഞ്ചാവും 283.66 ഗ്രാം ഹാഷിഷ് ഓയിലും 1959 ഗ്രാം എം.ഡി.എം.എയും പിടികൂടി.
ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ജാഗ്രത.
സമാനമായ ഓപ്പറേഷനുകളും വാഹന പരിശോധനങ്ങളും തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ പറഞ്ഞു.
ഓപ്പറേഷൻ ജാഗ്രത
• പിടികിട്ടാപ്പുള്ളകളുടെയും മറ്റും വിവരം ശേഖരിച്ചു
• സൈബർ സെൽ വഴി ലൊക്കേഷൻ കണ്ടെത്തി
• 400 പൊലീസുകാരെ ഓപ്പറേഷനായി തിരഞ്ഞെടുത്തു
• വീട്ടിൽ നിന്നും ഒളിസങ്കേത്തിൽ നിന്നും അറസ്റ്റ്
• പ്രതികളെ കോടതിയിൽ ഹാജരാക്കി
കേസുകൾ
• പോക്സോ
• കൊലപാതകം
• കൊലപാതക ശ്രമം
• മോഷണം
• പീഡനം
• തട്ടിപ്പ്
114 അറസ്റ്റ്
• എൽ.പി. വാറണ്ട് -31
• ജാമ്യമില്ലാത്തത് - 37
• കുറ്റകൃത്യങ്ങൾ - 28
• ഗുണ്ടകൾ - 18
ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ജാഗ്രത. സമാനമായ ഓപ്പറേഷനുകളും വാഹന പരിശോധനങ്ങളും തുടരും.
എ. അക്ബർ
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |