കൊച്ചി: വീടിന് പിന്നിൽ നിൽക്കുമ്പോഴാണ് തുണ്ടിപ്പറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി വലിയ ശബ്ദം കേട്ടത്. ഒപ്പം ഭാര്യ സരസ്വതിയുടെ നിലവിളിയും. പെട്ടെന്ന് ഓടിയെത്തിയപ്പോൾ ദേഹത്ത് കുപ്പിച്ചില്ലുകൾ കൊണ്ട് മുറിഞ്ഞ പാടുകളുമായി സരസ്വതി താഴെക്കിടക്കുന്നു. വീടിന്റെ ഓടുകളെല്ലാം ഇളകി വീഴാൻ തുടങ്ങി. സംഭവം നടന്ന കെട്ടിടത്തിന് എതിർവശത്താണ് കൃഷ്ണൻകുട്ടിയുടെ വീട്. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് നിന്ന വൈദ്യുതി തൂൺ വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. ഒപ്പം വാതിലുകളും തകർന്നു. ഭയന്ന അവസ്ഥയിൽ സരസ്വതിയെ അടുത്തുള്ള ദേവി ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കായതിനാൽ ചികിത്സ നൽകി വിട്ടയച്ചു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജയശ്രീ
അപകടം നടക്കുമ്പോൾ നന്ദനം വീട്ടിൽ ജയശ്രീ വീടിന് പുറത്തായിരുന്നു. അപ്പോഴാണ് വീട് കുലുങ്ങുന്നതുപോലെ വലിയ ശബ്ദം കേട്ടത്. ഈ സമയം മകൻ ഹരിദേവും വീട്ടിലുണ്ടായിരുന്നു. കിടക്കയിലാകെ ജനൽപ്പാളി തകർന്ന ചില്ലുകൾ. അകത്ത് കയറാനാവുന്നില്ല. സ്ഫോടന ശബ്ദം ഹരിദേവിന്റെ ചെവിക്ക് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
തരിപ്പണമായി ശ്രീധരം വീട്
പന്ത്രണ്ട് വർഷം മുമ്പ് പണിത വീട് തകർന്ന് തരിപ്പണമായത് നോക്കി നിൽക്കാനെ ശ്രീധര പണിക്കർക്കും ജയശ്രീക്കും സാധിച്ചുള്ളൂ. മകൻ ശരത്തും ഭാര്യയും ജോലിക്ക് പോയ സമയത്താണ് സംഭവം. ജയശ്രീ അടുക്കളയിലായിരുന്നു. ആകെ ഒച്ചപ്പാടും ബഹളവും. വീടിന്റെ പൂജാമുറിയും വാതിലും മേൾക്കൂരയും മുകളിലെ മുറികളും തകർന്നു. അങ്കലാപ്പിനിടെ ജയശ്രീയുടെ കാല് മുറിഞ്ഞതും അറിഞ്ഞില്ല. പിന്നീടാണ് ജയശ്രീയെ ആശുപത്രിയിൽ എത്തിച്ചത്. കാലിൽ രണ്ട് തുന്നിക്കെട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |