കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും പോലെ ഇനി ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും നഗരത്തിൽ ലഭ്യമാകും. സീക്കോ മൊബിലിറ്റി എന്ന മലയാളി സ്റ്റാർട്ടപ്പ് കമ്പനിയാണ് കലൂർ സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ ആദ്യഘട്ടമായി ഇലക്ട്രിക് ബൈക്ക് സ്റ്റേഷനുകൾ തുറക്കുക. കൊച്ചി മെട്രോയും ജി.സി.ഡി.എയുമായി ചേർന്ന് വിപുലമായ പദ്ധതിയും ഇവർ ആവിഷ്കരിക്കുന്നുണ്ട്.
ഏപ്രിൽ 15നാണ് സർവീസ് ആരംഭിക്കുക. ബംഗളൂരു, മുംബയ്, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഇതേ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഫുഡ് ഡെലിവറിക്കാർക്കുംഈ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പദ്ധതിയുണ്ട്. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങളാണ് എല്ലാം. ഓടിക്കാൻ ലൈസൻസും വേണ്ട.
• എല്ലാം ആപ്പ് വഴി
യുലു എന്ന ആപ്പ് വഴിയാണ് ഇടപാടുകൾ. എല്ലാ കേന്ദ്രങ്ങളും ഓട്ടോമാറ്റിക് സംവിധാനമാണ്. സ്റ്റാഫ് ഉണ്ടാവില്ല. ആപ്പ് ഡൗൺലോഡ് ചെയ്ത് ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ മതിയാകും. ബൈക്ക് സ്റ്റാർട്ട് ചെയ്യലും ഓഫാക്കലും ആപ്പ് വഴിയാണ്. ചാർജ് എത്രയുണ്ടെന്നും എത്ര കിലോമീറ്റർ ഓടുമെന്നും ആപ്പിൽ നിന്നറിയാം. ചാർജ് തീരുമെന്ന് തോന്നിയാൽ തൊട്ടടുത്ത കേന്ദ്രത്തിൽ തിരികെ വച്ച് പുതിയ ബൈക്കുമായി യാത്ര തുടരാം.
• ആദ്യം 50 എണ്ണം
ഏപ്രിൽ 15ന് ബജാജിന്റെ അമ്പത് ഇലക്ട്രിക്ക് ബൈക്കുകളുമായാണ് പ്രവർത്തനം തുടങ്ങുക. ബൈക്കുകളും ആപ്പും ബാറ്ററിയുമെല്ലാം ഇന്ത്യൻ നിർമ്മിതമാണ്. ഡിമാൻഡ് അനുസരിച്ച് 50 എണ്ണം വീതം വീണ്ടും എത്തിക്കും.
• വാടക 100 മുതൽ
ഇലക്ട്രിക് ബൈക്കിന് മിനിമം നിരക്ക് 100 രൂപയാണ്. അര മണിക്കൂർ ഉപയോഗിക്കാം. മണിക്കൂറിന് 140 രൂപവീതവും. ദിവസം മുഴുവൻ ഉപയോഗിക്കാൻ 500 രൂപയാകും. ഉദ്ഘാടന ഓഫറുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |