കൊച്ചി: കടലാക്രമണം മൂലം മീൻ പിടിത്ത വിലക്ക്, തമിഴ്‌നാട്ടിലെ ട്രോളിംഗ് നിരോധനം, കൊച്ചി പുറങ്കടലിൽ കപ്പൽ മുങ്ങിയതിനെത്തുടർന്നുള്ള മലിനീകരണ ഭീഷണി എന്നിവ കാരണം സംസ്ഥാനത്തെ മത്സ്യബന്ധന മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ജനപ്രിയ മത്സ്യങ്ങൾ കിട്ടാനില്ല. ഉള്ളവയ്ക്ക് തീവിലയാണ്. കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തിന്റെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. ജൂൺ 9 മുതൽ കേരളത്തിലും ട്രോളിംഗ് നിരോധനം തുടങ്ങും. മുങ്ങിയ കപ്പലിന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാൽ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടക്കാനാവില്ല.
മത്സ്യം വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും ചാളയും ആവശ്യത്തിന് ലഭ്യമല്ല.
ഏതാനും മാസങ്ങളായി വള്ളങ്ങൾക്ക് ചാള മാത്രമാണ് ലഭിച്ചിരുന്നത്. ഒറ്റയ്ക്കും നിരോധനം ലംഘിച്ചും കടലിൽ പോകുന്ന ചെറുവള്ളങ്ങളാണ് കുറച്ചെങ്കിലും മീൻ എത്തിക്കുന്നത്.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ധർണ
തൊഴിൽനഷ്ടത്തിന് പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (സി.എം.എഫ്.ആർ.ഐ) മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നുണ്ട്.ബോട്ടുകളും വള്ളങ്ങളും ഇനി കടലിൽ പോയി മത്സ്യവുമായി എത്തുമ്പോൾ മാത്രമേ കപ്പൽ ദുരന്തഭീഷണി വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമാകൂ. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നല്ലകാലം. കപ്പൽ അപകടം പ്രതീക്ഷകൾക്ക് മേൽ കരിനിഴലാണ് വീഴ്ത്തിയിരിക്കുകയാണ്.
വൈപ്പിൻ ഹാർബറിലെ മീൻവില (കിലോ)
കേര : 300-350
ചൂര : 200-250
കായൽ വറ്റ : 600-700
തിലാപ്പിയ: 260-300
നാടൻ ചെമ്മീൻ : 360-450
കേരളാ തീരത്ത് ഇത്രയും രൂക്ഷമായ കടൽക്ഷോഭം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. കപ്പലപകടം മത്സ്യബന്ധനത്തിലോ വില്പനയിലോ പ്രശ്നമുണ്ടാക്കില്ലെന്നാണ് പ്രതീക്ഷ.
സി.കെ. വിനോദ്
പരമ്പരാഗത മത്സ്യത്തൊഴിലാളി.
................
കപ്പൽപ്രശ്നം മത്സ്യവിപണിയെ ബാധിക്കുമെന്ന് കരുതുന്നില്ല. ട്രോളിംഗ് നിരോധനം തീരുമ്പോഴേക്കും പ്രശ്നവും തീരും.
പി.പി.ഗിരീഷ്, സെക്രട്ടറി
കേരള ട്രോൾനെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ
................
മാർക്കറ്റിൽ മീനില്ലാത്ത പ്രശ്നമേയുള്ളൂ. ഒരു പ്രതിസന്ധിയും ഉള്ളതായി തോന്നുന്നില്ല.
ജയൻ, മത്സ്യവ്യാപാരി, ചമ്പക്കര മാർക്കറ്റ്
.................
മത്സ്യം കിട്ടാനില്ല. ഉള്ളതിന് വിലയും കൂടുതലാണ്. ഡിമാൻഡ് കുറവൊന്നും അനുഭവപ്പെട്ടിട്ടില്ല.
ജി.ജയപാൽ, പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ
....................
കപ്പൽ മുങ്ങിയതിനെ തുടർന്ന് തൊഴിൽ നഷ്ടമുണ്ടായ മത്സ്യത്തൊഴിലാളി സമൂഹത്തിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ജനറൽ സെക്രട്ടറി
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |