ഈ വില്ലൻ, ജീവിതത്തിൽ പാവം ഓട്ടോക്കാരൻ
കളമശേരി: രണ്ടു പതിറ്റാണ്ടായി വെള്ളിത്തിരയിൽ വില്ലൻ വേഷം ചെയ്യുന്ന മുപ്പത്തടം നെഴുവിഞ്ചൽ വീട്ടിൽ ഷിബു മുപ്പത്തടം, ജീവിത യാത്രയിൽ ഓട്ടോക്കാരനാണ്. രണ്ട് വിദേശ ഭാഷയടക്കം തമിഴിലും മലയാളത്തിലുമായി എൺപതിൽപ്പരം സിനിമകളിൽ വില്ലൻ വേഷം ചെയ്തു കഴിഞ്ഞു. ഏതാനും തമിഴ് പടങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ. പുലിമുരുകനിൽ മോഹൻലാലിന്റെ ചവിട്ടേറ്റ് പിറകോട്ട് തെറിക്കുന്ന സംഘട്ടന രംഗം കണ്ടതോടെ നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി.
സ്കൂൾ കലോത്സവങ്ങളിൽ വെസ്റ്റേൺ ഡാൻസറായിരുന്നു. പിന്നീട് മിമിക്രി, മോണോആക്ട് എന്നിവയിലായി ശ്രദ്ധ, അങ്ങനെ സിനിമാലയിലെത്തി. തുടർന്നാണ് സിനിമയിൽ വില്ലൻ വേഷങ്ങൾ തേടിയെത്തിയത്.
ജോഷിയുടെ ലയൺ, മമ്മൂട്ടിയോടൊപ്പം ടർബോ, തമിഴിൽ കാക്കപ്പൊന്ന്, രാജയോഗം തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു.
കൽപ്പണിക്കാരനായ ഷിബു സിനിമയിൽ തിരക്കായപ്പോഴാണ് അത് ഉപേക്ഷിച്ചത്. സിനിമാ ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ മുപ്പത്തടം മുതുകാട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കും.
തമിഴ്, മലയാളം, ഒമാൻ, ഇംഗ്ലീഷ് സിനിമകളിൽ അഭിനയിച്ചെങ്കിലും ആന്ധ്ര, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളല്ലാതെ കേരളം വിട്ടുള്ള ദൂരയാത്രകൾ ഉണ്ടായിട്ടില്ല. ഒമാൻ സിനിമയിൽ പ്രധാന വില്ലനായിരുന്നു. മാഫിയ ശശി വഴി ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ താത്കാലിക ജീവനക്കാരിയായ ജാൻസിയാണ് ഭാര്യ. മക്കൾ: അക്ഷയ്, ആഷ്ന