എച്ച്.എം.ടി ജീവനക്കാർക്ക് എൻ.ഒ.സി പാര...
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയിലെ ജീവനക്കാർ പുറമെ ജോലിക്ക് അപേക്ഷിച്ചാൽ എൻ.ഒ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) നൽകരുതെന്ന് കമ്പനിയുടെ ബാംഗ്ലൂർ ഹെഡ് ഓഫീസിന്റെ സർക്കുലർ. മേയ് 5ന് അസി. ജനറൽ മാനേജർ (സി.എച്ച്.ആർ) ഡോ. പ്രിയ പരമേശ്വരനാണ് സർക്കുലർ അയച്ചത്. എൻ.ഒ.സി ലഭിക്കാതെ വരുമ്പോൾ ചെറുപ്പക്കാരടക്കമുള്ള ജീവനക്കാരുടെ രക്ഷാമാർഗമാണ് അടയുന്നത്. നിലവിൽ ശമ്പളവുമില്ല. മറ്റൊരു ജോലിക്ക് അപേക്ഷിക്കാനും പറ്റാത്ത അവസ്ഥയുമായി.
കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ നിലനിറുത്തുന്നതിനും പ്രവർത്തന ആവശ്യതകൾ കണക്കിലെടുത്തുമുള്ള തീരുമാനമാണെന്നാണ് മാനേജുമെന്റിന്റെ വിശദീകരണം. കമ്പനി നിർണായമായ പുനരുജ്ജീവന സംരംഭങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രവർത്തന തുടർച്ച ഉറപ്പാക്കുന്നതിന് പരിചയ സമ്പത്തും യോഗ്യതയുമുള്ള ജീവനക്കാരെ നിലനിർത്തുന്നതിന്റെ ഭാഗമാണ് ഈ നിലപാടെന്നും സൂചനയുണ്ട്. ജീവനക്കാരിൽ പ്രതീക്ഷയും ഒപ്പം ആശങ്കയുമുണ്ടാക്കുന്നതാണ് സർക്കുലർ.
പി.ഇ.എസ്.ബി (പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ്) പരസ്യപ്പെടുത്തുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ അയക്കുന്നതിന് നിയന്ത്രണമില്ല. എച്ച്.എം.ടിക്ക് പുറത്തുള്ള ജോലികൾക്കും ഇ.ഡബ്ല്യു.എസ് / എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി ഉൾപ്പെടെയുള്ള എച്ച്.എം.ടിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാർക്കും എൻ.ഒ.സി ബാധകമാണ്.
കമ്പനിയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപനം നീളുന്നതിനിടയിലും വമ്പൻ പദ്ധതികൾ വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
ആകെ ജീവനക്കാർ 212
ഓഫീസർമാർ: 43
വർക്കർമാർ: 69
കരാർ ജീവനക്കാർ: 100
ശമ്പളം രണ്ടു മാസം കുടിശിക
എച്ച്.എ.ടി കളമശേരി യൂണിറ്റിൽ എപ്പോഴും രണ്ടു മാസത്തെ ശമ്പളം കുടിശികയാണ്. കഴിഞ്ഞ വിഷുവിന് പകുതി ശമ്പളം നൽകി. കൃത്യമായി ശമ്പളം കിട്ടാത്തതും പ്രമോഷൻ സാദ്ധ്യതയില്ലാത്തതും ജോലി സുരക്ഷിതമല്ലാത്തതുമാണ് ജീവനക്കാർ മറ്റ് സ്ഥാപനങ്ങളിൽ ജോലി തേടുന്നതിന് കാരണം. കമ്പനിയിൽ ശമ്പള പരിഷ്കരണം നടന്നിട്ട് 30 വർഷമായി.
പുനരുദ്ധാരണ പാക്കേജ് ഉടനെയുണ്ടാകും. സ്ഥാപനം നിലനിറുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനം.
ടി.ജി. ശ്രീജേഷ് ജനറൽ സെക്രട്ടറി ബി.എം.എസ്