'വഴിവിട്ട' ശീലങ്ങൾ; കുഞ്ഞനല്ല കൂന്തൽ

Wednesday 20 May 2026 3:12 AM IST

കൊച്ചി: പ്രജനനത്തിൽ ഉൾപ്പെടെ കേരളതീരത്തെ കൂന്തലിന് 'വഴിവിട്ട' ശീലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ പഠന റിപ്പോർട്ട്. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ, ബീജസംഭരണം എന്നിങ്ങനെ വിചിത്രവും സങ്കീർണവുമായ പ്രത്യുത്പാദന രീതികളാണിവയ്‌ക്കെന്ന് കണ്ടെത്തി.

സി.എം.എഫ്.ആർ.ഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ.ഗീത ശശികുമാർ, ഡോ.കെ.കെ. സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ആറുമാസം ആയുസുള്ള ഇവ മൂന്നുമാസം മുതൽ ഇണചേരാൻ തുടങ്ങും. ഗവേഷണത്തിന്റെ ഭാഗമായി പരശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിന്റെയും ശരീരത്തിൽ ബീജനിക്ഷേപം കണ്ടെത്തി. ഉയർന്ന തോതിലുള്ള ബീജനിക്ഷേപമുള്ളതിനാൽ ഒന്നിലധികം തവണ ഇണചേരുന്നുവെന്ന് വ്യക്തമായി. ഇത്തരം ബീജനിക്ഷേപം ആൺകൂന്തലുകളുടെ ശരീരത്തിലും കണ്ടെത്തിയതോടെ ഇവ സ്വവർഗ ഇണചേരൽ നടത്തുന്നതായും തെളിഞ്ഞു.

മുൻപ്, ഇന്ത്യയ്ക്ക് പുറത്ത് ആഴക്കടൽ കൂന്തലുകളിൽ സ്വവർഗ ലൈംഗികത കണ്ടെത്തിയിട്ടുണ്ട്. സമാനമായ പെരുമാറ്റം ഡോൾഫിനുകളിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സമുദ്രവിഭവങ്ങളിലൊന്നായ കൂന്തലുകളുടെപ്രജനനരീതികളെക്കുറിച്ചുള്ള കണ്ടെത്തൽ മത്സ്യലഭ്യത വിലയിരുത്താനും സംരക്ഷണ-പരിപാലന മാർഗങ്ങൾ രൂപീകരിക്കാനും സഹായകമാകുമെന്ന് ഗവേഷകർ പറഞ്ഞു.