വനിതാഹോട്ടൽ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്
കല്യാശേരി:മുന്നിൽ മല പോലെ നിന്ന പ്രതിസന്ധികളെ കൂട്ടായ്മയുടെ കരുത്തിൽ തകർത്തെറിഞ്ഞ് കല്യാശ്ശേരി വനിതാക്കൂട്ടായ്മയുടെ ഹോട്ടൽ ഇരുപത്തിയഞ്ചാംവയസിലേക്ക് കടക്കുന്നു. കെട്ടുതാലിയടക്കം പണയപ്പെടുത്തി മുതൽമുടക്കിയ ധൈര്യവും തോൽക്കാത്ത മനസും ഒത്തുചേർന്നപ്പോൾ പച്ചപിടിച്ച വനിതാഹോട്ടൽ കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ഹോട്ടലിൽ ചായ ഒഴികെ മറ്റെല്ലാം വിറകടുപ്പിലാണ് പാചകം ചെയ്യുന്നത്.വീട്ടമ്മമാരുടെ കൈപ്പുണ്യവും രുചി വൈവിദ്ധ്യവും മൂലം നല്ല തിരക്കാണ് അനുഭവപ്പെടുന്നത് .
കല്യാശേരി പഞ്ചായത്തിന് സമീപത്താണ് ഈ ഹോട്ടൽ.രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ തിരക്കൊഴിഞ്ഞ നേരം കുറവ്.പലഹാരവും ഉച്ചഭക്ഷണവും ലഭിക്കും. പ്രതിദിനം മുന്നൂറ് മുതൽ അഞ്ഞൂറ് വരെ ഭക്ഷണപ്പൊതികൾ പാർസലായും നൽകുന്നുണ്ട്.
ഇരുപത്തിയഞ്ചാം വർഷത്തിൽ വനിതാ ഹോട്ടൽ കൂടുതൽ വിപുലീകരിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. വനജ ചെയർമാനും ഇ സുലോചന കൺവീനറും കെ വി വിനോദിനി, കെ ഷൈജ, കെ സുജാത എന്നിവരംഗങ്ങളായ ഗ്രൂപ്പാണ് വനിതാഹോട്ടലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഒത്തൊരുമ തന്നെ മൂലധനം
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.ജി.എസ്.വൈ പദ്ധതി വഴി 2001ലാണ് ഹോട്ടൽ ആരംഭിച്ചത്. പ്രവർത്തന മൂലധനം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ അന്ന് കല്യാശേരിയിലെ ഇടതുപ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ചൂരിക്കാടൻ നാരായണൻ, പണിക്കർ ബാലൻ എന്നിവരുൾപ്പടെ ഒട്ടേറെ പേർ സഹായവുമായെത്തി. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും കല്യാശേരി പഞ്ചായത്ത് ഇരുപതിനായിരത്തോളം രൂപയും നൽകി.ഗ്രൂപ്പംഗങ്ങളായ പത്ത് പേർ ഗുണഭോക്തൃവിഹിതമായ ഒരു ലക്ഷവും ചേർത്താണ് ഹോട്ടൽ വിപുലപ്പെടുത്തിയത്.സാമ്പത്തികമായ ഏറെ പ്രയാസപ്പെട്ടിരുന്നവർ കെട്ട് താലിയടക്കം പണയപ്പെടുത്തിയാണ് ഗുണഭോക്തൃവിഹിതമടച്ചത്.
അന്ന് ഇരുപത്തിയഞ്ചു രൂപ വരുമാനം
ആദ്യകാലത്ത് വർഷങ്ങളോളം പ്രതിദിനം 25 രൂപയാണ് ഒരാൾക്ക് ലഭിച്ചിരുന്നത്. ഹോട്ടൽ അടച്ചുപൂട്ടാതെ നിർവാഹമില്ലെന്ന അവസ്ഥ .കടം കയറി മുടിയുമെന്ന് പലരുടെയും ഉപദേശം. പിൻമാറാൻ തയ്യാറാകാതെ മുന്നോട്ട് പോകാനുറച്ച് തുടർന്നു.വർഷങ്ങൾക്കിടയിൽ അഞ്ച് പേർ ഒഴിവായി. ഇന്നിപ്പോൾ ദിവസം 750 രൂപ മുതൽ ആയിരം വരെ ഒരാൾക്ക് ലഭിക്കുന്നുണ്ട്. വെള്ളം കാശ് കൊടുത്താണ് നേരത്തെ വാങ്ങിയിരുന്നത്. ഹോട്ടലിലേക്കാവശ്യമുള്ള വെള്ളം സൗജന്യമായി നൽകാൻ കെ.എം.രാഘവൻ നമ്പ്യാരുടെ വീട്ടുകാർ തയ്യാറായതോടെ ഈ തുക ഒഴിഞ്ഞുകിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |