തിരുവല്ല: ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി സംഘർഷമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ (31) ആണ് അറസ്റ്റിലായത്. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റാളിൽ ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. ഇയാൾ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചശേഷം ബിൽ തുക കൂടുതലാണെന്ന് ആരോപിച്ച് കടയുടമയുമായി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡ്യുട്ടി പൊലീസുകാരനെയും ഇയാൾ അസഭ്യം പറഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. അതേസമയം എബിയെ സ്റ്റാളിലുള്ളവർ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പുറപ്പെടാൻ വൈകിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |