കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തിരുവോണം ആരാധന നാളെ

Thursday 04 June 2026 12:14 AM IST
കൊട്ടിയൂർ സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ തിരുവോണം ആരാധന നാളെ അക്കരെ സന്നിധാനത്ത് നടത്തും. ഉത്സവകാലത്തെ നാല് പ്രധാന ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണം നാളിൽ നടത്തുന്നത്. നാളെ പൊന്നിൻ ശീവേലിയും ഉച്ചയ്ക്ക് ആരാധനാ സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തും. ഇതിനുള്ള പഞ്ചഗവ്യം മുള കുംഭങ്ങളിലാക്കി സന്ധ്യയ്ക്ക് അക്കരെ സന്നിധാനത്തിലെത്തിക്കും. മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ആരംഭിക്കുന്നതും തിരുവോണം നാളിലാണ്. കൂടാതെ അലങ്കാര വാദ്യങ്ങളും തിരുവോണം നാളിൽ ആരംഭിക്കും.

മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയായി. ഓട, മുള ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. ഉഷകാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തിൽ വാര്യരും, നമ്പീശന്മാരും ചേർന്നാണ് ശ്രീ കോവിൽ നിർമ്മിച്ചത്. തൃക്കലശാട്ടം വരെ ഈ ശ്രീകോവിൽ ഉണ്ടായിരിക്കും.

ഈ വർഷം വൈശാഖ മഹോത്സവം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. ഇന്നലെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായും അക്കരെ സന്നിധാനത്ത് പെരുമാളെ തൊഴാൻ എത്തിയത്. ഉച്ചശീവേലി വരെയുള്ള കത്തുന്ന വെയിലും ഉച്ചയ്ക്ക് ശേഷമുള്ള മഴയും വകവയ്ക്കാതെയായിരുന്നു ഭക്തജനങ്ങൾ ഒഴുകിയെത്തിയത്. വൈകുന്നേരത്തോടെയാണ് തിരക്കിന് കുറവുണ്ടായത്.

ദർശനം കാത്തുനിൽക്കുന്നവർക്ക് മഴയും വെയിലും കൊള്ളാതിരിക്കാൻ ദേവസ്വം അധികൃതർ സൗകര്യമൊരുക്കിയത് ഭക്തർക്ക് ആശ്വാസമായി. ഇന്നലെ കൊട്ടിയൂരിലെത്തിയ ഭക്തരിൽ 80 ശതമാനത്തോളം പേരും കർണാടകയിൽ നിന്നുളളവരായിരുന്നു.