കടൽ തീരത്തെ അപകട മേഖലകളിൽ വിലക്കുകൾ ലംഘിച്ചും വിനോദം
കണ്ണൂർ: തിരക്ക് വർദ്ധിച്ചതോടെ പയ്യാമ്പലം കടൽ തീരത്തെ അപകട മേഖലകളിൽ വിലക്കുകൾ ലംഘിച്ചുള്ള വിനോദം അപകട ഭീഷണി ഉയർത്തുന്നു. പയ്യാമ്പലത്തെ നടപ്പാത കഴിഞ്ഞ് പള്ളിയാംമൂല വരെയുള്ള തീരത്ത് ഭൂരിഭാഗവും അപകട മേഖലയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 9 വിനോദ സഞ്ചാരികളാണ് തീരത്തുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞത്. അപകടം സംഭവിക്കുമ്പോൾ യോഗങ്ങൾ വിളിച്ചു ചേർത്ത് സുരക്ഷ പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടാവുന്നില്ലെന്നതാണ് വാസ്തവം.
കൊട്ടിയൂർ ഉത്സവം തുടങ്ങിയതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിരവധി തീർത്ഥാടകരാണ് പയ്യാമ്പലം തീരത്തെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നത്. പ്രദേശത്തെ അപകട മേഖലയെക്കുറിച്ച് അറിവില്ലാത്തതു കാരണം വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങി ഉല്ലാസിക്കുന്നത് പതിവ് കാഴ്ചയാണ്. നാട്ടുകാരും കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുകളും ഇത്തരക്കാരെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. അപകട മേഖലകളെ കുറിച്ചുള്ള രണ്ട് സൂചനാ ബോർഡുകൾ മാത്രമാണ് പ്രദേശത്തുള്ളത്.
ഇനി ഒരു അപകടത്തിന് കാത്തുനിൽക്കാതെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കണമെന്ന മുറവിളി ഉയരുകയാണ്.
ലൈഫ് ഗാർഡുകൾ പേരിനുമാത്രം
ഏറ്റവും കുറഞ്ഞത് ഇരുപതോളം ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് വെറും നാലു പേർ മാത്രമാണ് നിലവിലുള്ളത്. ഒരു ദിവസം രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണ് ജോലിയിൽ ഉണ്ടാവുക. അപകടങ്ങൾ സംഭവിക്കുമ്പോൾ വിളിച്ചു ചേർക്കുന്ന യോഗങ്ങളിലെ, ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന തീരുമാനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണ്. പ്രദേശത്തെ റിസോർട്ട് ഉടമകൾ തീരത്ത് ഗാർഡുമാരെ നിയമിക്കണമെന്ന വിചിത്ര നിർദ്ദേശവും യോഗത്തിൽ ഉയർന്നിരുന്നു.