പയ്യന്നൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ അമൃതോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിൽ 12 ന് കോഴിക്കോട് നിന്ന് ആരംഭിച്ച കേളപ്പജി ഉപ്പു സത്യാഗ്രഹ സ്മൃതി യാത്ര വെള്ളിയാഴ്ച വൈകീട്ട് പയ്യന്നൂരിൽ എത്തിച്ചേർന്നു.
രാവിലെ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച് കുപ്പം, പരിയാരം, പിലാത്തറ, ഏഴിലോട്, എടാട്ട് എന്നിവിടങ്ങളിലെ പൗര സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് പെരുമ്പ മുത്തപ്പൻ ക്ഷേത്രപരിസരത്ത് എത്തിച്ചേർന്ന പദയാത്രയെ ആരതി ഉഴിഞ്ഞും പുഷ്പാർച്ചന നടത്തിയും പയ്യന്നൂരിലേക്ക് സ്വീകരിച്ചു. തുടർന്ന് ടൗൺ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പയ്യന്നൂർ ആർഷ വിദ്യാലയത്തിലെയും പിലാത്തറ അരവിന്ദ വിദ്യാലയത്തിലെയും കുട്ടികൾ ദേശഭക്തിഗാന സദസ്സ് അവതരിപ്പിച്ചു. അഡ്വ: കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ബാബു കൈതപ്രം മുഖ്യഭാഷണം നടത്തി. കെ.രാമകൃഷ്ണൻ , പി.എൻ. ഈശ്വരൻ, ഒ.എം.സജിത്, പി.എൻ.ഭാസ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് 3 ന് ഉളിയത്തുകടവിൽ നടക്കുന്ന ഉപ്പുകുറുക്കൽ സ്മൃതിക്ക് പുരവൂർ പി.വിനുകുമാർ, എം.പി. രവീന്ദ്രൻ, എ .രാജഗോപാലൻ, എം. എം .രാമകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് ടൗൺ സ്ക്വയറിലേക്ക് ബഹുജനയാത്ര നടക്കും.പൂർവ്വ സൈനികർക്ക് ആദരം, സപര്യ രാജ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ എന്നീ പരിപാടികൾക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറൽ വി. കെ. സിംഗ് ഉദ്ഘാടനം ചെയ്യും. കെ .രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും .
സ്വാതന്ത്ര്യ സമരസേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ, ശില്പി പ്രശാന്ത് ചെറുതാഴം എന്നിവരെ ആദരിക്കും. പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ .നന്ദകുമാർ മുഖ്യഭാഷണം നടത്തും. പ്രഭാകരൻ പലേരി, കേളപ്പജിയുടെ പൗത്രൻ നന്ദകുമാർ മൂടാടി, പ്രശാന്തബാബു കൈതപ്രം, ടി .കെ.ഈശ്വരൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സംഗീത നൃത്ത ശിൽപം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |