കണ്ണൂർ:കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ.ടി.ഒ. മോഹനൻ നിർവഹിച്ചു .ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കോർപ്പറേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതായി മേയർ പറഞ്ഞു.ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.അതുപോലെ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിനായി 50 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തിയിട്ടുണ്ട്. മാരകരോഗം ബാധിച്ചവർക്ക് മരുന്നു വാങ്ങുന്നതിനായി 30 ലക്ഷം രൂപയും
വകയിരുത്തിയിട്ടുണ്ട്.ആറ്റടപ്പയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനവും എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും മേയർ പറഞ്ഞു.പതിനഞ്ച് ലക്ഷം ചെലവഴിച്ചാണ് ഒന്നാം നില പൂർത്തീകരിച്ചത്.കെട്ടിടത്തിന്റെ അവസാന മിനുക്ക് പണികൾ നടത്തിയത് കാനന്നൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ആണ്.പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പും റോട്ടറി ക്ലബാണ് നിർവഹിക്കുന്നത്.ഡെപ്യൂട്ടി മേയർ കെ.ഷബീന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഷമീമ , എം.പി രാജേഷ്, അഡ്വ.പി.ഇന്ദിര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |