40 ഗ്രാം മെഥാഫെറ്റാമിൻ എക്‌സൈസ് പിടികൂടിയത് പ്രധാന തുമ്പാകും
കാസർകോട്: ടർഫുകളിൽ രാത്രികാലത്ത് നടക്കുന്ന വിനോദങ്ങളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായതോടെയാണ് ഈ സൂചനകളിലേക്ക് വെളിച്ചം വീശുന്ന വിവരം ലഭിച്ചത്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജയരാജിന്റെ മേൽനോട്ടത്തിൽ ലോക്‌സഭ ഇലക്ഷനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക അതിർത്തികളിൽ പരിശോധന നടത്തുന്നതിനിടെ കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ജി.എ ശങ്കറും സംഘവും ഉപ്പള നയാബസാർ സ്വദേശിയായ കെ. മുഹമ്മദ് ഇംതിയാസിനെ (29) അറസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ഹൊസബെട്ടു വില്ലേജിൽ മഞ്ചേശ്വരം രാഗം ജംഗ്ഷനിൽ വെച്ചാണ് രാസലഹരി വിഭാഗത്തിൽപ്പെട്ട 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് പിടിയിലായത്. കാസർകോട് ജില്ലയിലെ വിവിധ ടർഫുകളിലും മറ്റും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിന് കൊണ്ടുവന്ന രാസലഹരിയാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സാജൻ അപ്യാൽ, കെ. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ.ആർ പ്രജിത്ത്, എ.കെ നസറുദ്ദീൻ, സോനു സെബാസ്റ്റ്യൻ, മുഹമ്മദ് ഇജാസ്, ഡ്രൈവർ പി.എ ക്രിസ്റ്റീൻ എന്നിവരും ഉണ്ടായിരുന്നു.
കൂടുതൽ വിവരങ്ങൾ പുറത്തുവരും
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ നൂറുദ്ദീൻ നടത്തുന്ന ഈ കേസിന്റെ അന്വേഷണത്തിൽ ടർഫ് കേന്ദ്രമായുള്ള മയക്കുമരുന്ന് കച്ചവടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. രാത്രി 10 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ ടർഫുകളിൽ ഫുട്ബാളും ക്രിക്കറ്റും കളിക്കാൻ എത്തുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും വലവീശിയാണ് എം.ഡി.എം.എയും മെഥാഫെറ്റമിനും വിതരണം ചെയ്യുന്നത്. കളി പഠിക്കാൻ ടർഫുകളിൽ രാത്രികാലങ്ങളിൽ എത്തുന്ന കുട്ടികൾ പലരും വഴി തെറ്റിപ്പോകുന്നതായാണ് റിപ്പോർട്ട്. രാത്രി 10നു ശേഷം ടർഫുകൾ പൂട്ടണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കാതെ പലയിടത്തും 'കളികൾ' നടക്കുന്നുണ്ട്.
കുട്ടികൾ രാത്രി വൈകി ടർഫുകളിൽ പോയി പുലരും വരെ കളിക്കാൻ തങ്ങുന്നത് രക്ഷിതാക്കൾ തടയുകയും അവരെ നിരീക്ഷിക്കുകയും ചെയ്യണം. കുട്ടികളെ കെണിയിൽ വീഴ്ത്താൻ മാഫിയാ സംഘങ്ങൾ സജീവമാണ്.
ജി.എ ശങ്കർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ് കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |