കാസർകോട്: നായക്‌സ് റോഡിലെ 92 പിന്നിട്ട ലക്ഷ്മിയമ്മയെയും കുടുംബത്തെയും കുടികിടപ്പ് ഭൂമിയിൽ നിന്ന് ഇറക്കി വിടുന്നതിൽ അധികാര തർക്കം. ഉദ്യോഗസ്ഥർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമാണെന്ന വാദമാണ് നിയമവിദഗ്ദ്ധർ ഉന്നയിക്കുന്നത്.
1969ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരവും 1973ലെ ഭേദഗതി പ്രകാരവും കുടികിടപ്പ് ജന്മാവകാശമുള്ള കുടിയാനെ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറക്കിവിടാൻ ആർ.ഡി.ഒ, തഹസിൽദാർ എന്നീ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. മതിയായ കാരണം ഉണ്ടെങ്കിൽ പരാതിക്കാരനെയും എതിർകക്ഷിയെയും കേട്ട ശേഷം സർക്കാരിന് മാത്രമാണ് കുടിയാനെ ഒഴിപ്പിക്കാൻ അധികാരമുള്ളത്. അതും 'റീ ലൊക്കേറ്റ്' ചെയ്യാം എന്ന് മാത്രമാണ് ലാൻഡ് റീഫോംസ് ആക്ടിൽ പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴും ഈ അധികാരം തർക്കവിഷയമായിരുന്നു.
90 വർഷമായി താമസമുള്ള ലക്ഷ്മിയമ്മയുടെയും കുടുംബത്തിന്റെയും കാര്യത്തിൽ ഇത് ബാധകമാകുന്നില്ല. കുടികിടപ്പ് ഭൂമിയിൽ നിന്ന് ഇറക്കിവിടാനുള്ള സർക്കാർ തീരുമാനം ഗവർണറുടെ ഉത്തരവായി പുറത്തുവന്നിട്ടില്ല. നോട്ടീസ് നൽകിയത് സർക്കാർ തീരുമാനം ഇല്ലാതെയാണ്. കാസർകോട് എൽ.എ തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത് പേരിൽ ഇല്ലാത്ത ഭൂമിയിലേക്ക് മാറാനുമാണ്. തഹസിൽദാരുടെ ഉത്തരവിൽ പറയുന്ന 122/ഒന്ന് പി ടി സർവ്വേ നമ്പറിൽ ലക്ഷ്മിയമ്മയുടെ പേരിൽ ഭൂമി ഇല്ലെന്ന് ആർ.ഡി.ഒ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കാസർകോട് ജില്ലാ കളക്ടറേയും എ.ഡി.എമ്മിനെയും ആർ.ഡി.ഒയെയും തെറ്റിദ്ധരിപ്പിക്കാനും തെറ്റായ വിവരങ്ങൾ കോടതിയിൽ അടക്കം എത്തിക്കാനും കാസർകോട് റവന്യു വകുപ്പിൽ കാര്യമായ 'ഇടപാടുകൾ' നടന്നിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോൾ ഇ. ചന്ദ്രശേഖരനും ഇപ്പോൾ മന്ത്രി കെ. രാജനും ഇടപെട്ട കേസായിട്ടും കുടിയാന് നീതി കിട്ടിയില്ല. മന്ത്രി കെ. രാജൻ അടിയന്തര നടപടിക്ക് കത്ത് നൽകിയിട്ടും വിലകല്പിക്കാതെ അട്ടിമറിച്ചു. നിയമപോരാട്ടം ഇത്രയധികം നീണ്ടുപോയത് അനധികൃത ഇടപെടൽ തന്നെയാണ്.
കേസ് ഇന്ന് ഹൈക്കോടതിയിൽ
ആർ.ഡി.ഒ യുടെയും സർക്കാരിന്റെയും അധികാരങ്ങൾ സംബന്ധിച്ച് ലക്ഷ്മിയമ്മയുടെ ഹരജി കേട്ടപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും മുമ്പാകെ വ്യത്യസ്ത വാദമുഖങ്ങൾ ഉയർന്നുവന്നിരുന്നു. സിംഗിൾ ബെഞ്ച് അനുകൂലമായി വിധിച്ചതിനെതിരെ എതിർകക്ഷിയായ ജന്മി നൽകിയ അപ്പീലിന്മേലാണ് ലക്ഷ്മിയമ്മക്ക് എതിരായി വിധിയുണ്ടായത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിലെ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ഇറക്കിവിടൽ നടപടി എടുക്കുന്നതെന്നും സർക്കാർ തീരുമാനം ഇല്ലെന്നും കാണിച്ചു ലക്ഷ്മിയമ്മയുടെ അഭിഭാഷകനായ അഡ്വ. കോടോത്ത് ശ്രീധരൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിനെതിരെയും എതിർകക്ഷി അപ്പീൽ പോയിട്ടുണ്ട്. കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. കാസർകോട് റവന്യു വകുപ്പ് അധികൃതർ സ്വീകരിച്ച നടപടി റിപ്പോർട്ടും കോടതിയിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |