
ന്യൂഡൽഹി: വോട്ടുകൊള്ളയെച്ചൊല്ലി ലോക്‌സഭയിലെ എസ്.ഐ.ആർ ചർച്ചയ്‌ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വാക്‌പോര്. വോട്ടുകൊള്ളയിൽ സംവാദം നടത്താമോയെന്ന് രാഹുലിന്റെ വെല്ലുവിളി. രാഹുൽ ഒറ്റയ്‌ക്ക് തീരുമാനിച്ചാൽ ശരിയാകില്ലെന്ന് ഷായുടെ മറുപടി.
രാഹുലിന്റെ കഴിഞ്ഞ ദിവസത്തെ ആരോപണങ്ങൾക്ക് ഇന്നലെ അമിത് ഷാ മറുപടി നൽകിയപ്പോൾ, ഭരണ-പ്രതിപക്ഷ പക്ഷാംഗങ്ങൾ ഏറ്റുമുട്ടി. സ്‌പീക്കർ സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചു. ഹൈഡ്രജൻ ബോംബെന്ന് വിശേഷിപ്പിച്ച രാഹുലിന്റെ വോട്ട് കൊള്ള പത്രസമ്മേളനങ്ങളെ പരിഹസിച്ച ഷാ, ചില കുടുംബങ്ങൾ തലമുറകളായി വോട്ടുകൊള്ള നടത്തുന്നുവെന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് പ്രതിരോധശേഷി നൽകിയ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം ഉത്തരം നൽകാൻ രാഹുൽ ആവശ്യപ്പെട്ടു. തന്റെ വോട്ടുകൊള്ള പത്രസമ്മേളനം സംബന്ധിച്ച് സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ചു. അമിത് ഷാ തിരിച്ചടിച്ചു: ' 30 വർഷമായി ജനപ്രതിനിധിയായ തനിക്ക് നല്ല അനുഭവ പരിചയമുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആഗ്രഹം പോലെ പാർലമെന്റ് പ്രവർത്തിക്കില്ല. ക്ഷമയോടെ തന്റെ മറുപടി കേൾക്കണം". അമിത് ഷാ ഭയചകിതനാണെന്നും പ്രതിരോധത്തിലായെന്നും രാഹുൽ. പ്രകോപിതനാകില്ലെന്നും ജനവിധി എതിരാകുമ്പോഴാണ് ആരോപണം ഉയരുന്നതെന്നും ഷാ പ്രതികരിച്ചു.
'നെഹ്റു പ്രധാനമന്ത്രിയായത്
പട്ടേലിനെ തള്ളി"
ഗാന്ധി-നെഹ്‌റു കുടുംബമാണ് രാജ്യത്ത് വോട്ടുകൊള്ള നടത്തിയതെന്ന് അമിത് ഷാ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർണയിക്കാൻ നടത്തിയ തിരഞ്ഞെടുപ്പിൽ 28 വോട്ട് ലഭിച്ച സർദാർ വല്ലഭായ് പട്ടേലിനെ തള്ളിയാണ് രണ്ടു വോട്ട് മാത്രം കിട്ടിയ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായത്. തെറ്റായ രീതിയിൽ തിരഞ്ഞെടുപ്പ് ജയിക്കുന്നതും വോട്ട് കൊള്ളയാണെന്ന് ഇന്ദിരാഗാന്ധിയുടെ റായ്ബറേലി ജയം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ഫലം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന നിയമം കൊണ്ടുവന്നു. പ്രതിപക്ഷ നേതാവിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. പൗരത്വം നേടുന്നതിന് മുൻപ് വോട്ട് ചെയ്‌തതിന് സോണിയാ ഗാന്ധിക്കെതിരെയും കേസുണ്ടല്ലോയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കേസ് കോടതി തള്ളിയെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |