
ന്യൂഡൽഹി: സംഘപരിവാർ ബന്ധമുള്ള സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ വീർസവർക്കറിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് നിരസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂർ. തന്നോട് ചോദിച്ചിട്ടല്ല അവാർഡ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവാർഡ് പ്രഖ്യാപനം വിവാദമായതിന് പിന്നാലെ എക്‌സ് അക്കൗണ്ടിലൂടെയാണ് തരൂർ നിലപാടറിയിച്ചത്.
മാദ്ധ്യമങ്ങളിലൂടെയാണ് തനിക്ക് അവാർഡുണ്ടെന്ന വിവരം അറിഞ്ഞതെന്ന് തരൂർ പറഞ്ഞു. തന്നോട് ചോദിക്കാതെ അവാർഡ് പ്രഖ്യാപിച്ച സംഘാടകരുടെ നടപടി നിരുത്തരവാദപരമാണ്.
ഇക്കാര്യം താൻ ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് ചില മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇന്നലെ ഡൽഹിയിലെത്തിയപ്പോൾ ചില ദേശീയ മാദ്ധ്യമങ്ങളിൽ നിന്നും അവാർഡിനെക്കുറിച്ച് ചോദ്യമുയർന്നു. അതുകൊണ്ടാണ് നിലപാട് വ്യക്തമാക്കുന്നത്.
അവാർഡിന്റെ സ്വഭാവം, ഏർപ്പെടുത്തിയ സംഘടന, അവാർഡ് നൽകാനുള്ള സന്ദർഭം എന്നിവയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ താൻ പരിപാടിയിൽ പങ്കെടുക്കണോ അവാർഡ് സ്വീകരിക്കണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വി.മുരളീധരനും അവാർഡ് ജേതാക്കളുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ന്യൂഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ ഇന്നലെ നടന്ന ചടങ്ങിൽ എത്തിയില്ല. കേരളത്തിൽ നിന്ന് സംഗീതജ്ഞൻ എം. ജയചന്ദ്രൻ മാത്രമാണ് ഉണ്ടായിരുന്നത്. അവാർഡ് വിതരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വന്നില്ല. ജമ്മുകാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് അവാർഡുകൾ വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |