ചുഴലിക്കാറ്റിൽ പിലിക്കോട് തിരുമുമ്പ് അഗ്രി ടൂറിസം ഹെറിറ്റേജ് തകർന്നു

Saturday 16 May 2026 12:18 AM IST
ഹെറിറ്റേജിലെ 'ദർപ്പണം എക്‌സിബിഷൻ ഹാൾ' കൂറ്റൻ മാവ് മരം മുറിഞ്ഞുവീണ് തകർന്ന നിലയിൽ

ഒരു കോടിയുടെ നഷ്ടം

പിലിക്കോട്: ചുഴലിക്കാറ്റിൽ കൂറ്റൻ മരം വീണ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധമായി നിർമ്മിച്ച തിരുമുമ്പ് അഗ്രി ടൂറിസം ഹെറിറ്റേജ് നിശേഷം തകർന്നു. ഒരു കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വ്യാഴാഴ്ച രാത്രി വീശിയടിച്ച ചുഴലിയിലാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വ്യാപകമായ നാശം സംഭവിച്ചത്.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചിലവിൽ പണിത കെട്ടിടത്തിലെ പൈതൃക താമസ സൗകര്യം, ബയോ പാർക്കുകൾ, ഏറുമാടം സംസ്‌കൃതി പാർക്ക്, കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച ബോട്ട്, ഹരിതവനം എന്നിവ പൂർണ്ണമായും തകർന്നു. കാർഷിക സംസ്‌കൃതിയുടെ ഭാഗമായുള്ള കാർഷികോത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി തയ്യാറാക്കിയ 'ദർപ്പണം എക്‌സിബിഷൻ ഹാൾ' മുൻഭാഗത്തെ കൂറ്റൻ മാവ് മരം മുറിഞ്ഞുവീണ് പൂർണ്ണമായും തകർന്നിട്ടുണ്ട്. പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന ഓഡിറ്റോറിയം, അതിഥികൾക്ക് ഭക്ഷണം നൽകുന്ന ഊട്ടുപുര, ഹെറിറ്റേജ് കേന്ദ്രത്തിലേക്കുള്ള പ്രധാന പ്രവേശന കവാടം, കവാടത്തിന്റെ മുകളിലായി സ്ഥാപിച്ച ഷീറ്റ് കൊണ്ടുള്ള പന്തൽ, പത്തായം കിണർ, ബട്ടർഫ്‌ളൈ ഗാർഡൻ, മിയാവാക്കി വനം, ഔഷധ തോട്ടങ്ങൾ തുടങ്ങിയവയും തകർന്നിട്ടുണ്ട്. ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ്, ഭീമൻ ശംഖ് ശില്പം, വിവിധ വളർത്തു കേന്ദ്രങ്ങൾ തുടങ്ങിയവയും തകർന്നു. വൈദ്യുതി സംവിധാനവും പൂർണ്ണമായും തകർന്നു. വൈദ്യുതി തൂണുകളും കമ്പിയും പൊട്ടിവീണിട്ടുണ്ട്.

കേന്ദ്രത്തിലേക്കുള്ള റോഡും മരം വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. കേന്ദ്രത്തിന്റെ മനോഹാരിതയ്ക്ക് വേണ്ടി മുറിക്കാതെ നിലനിർത്തിയ വൻ മരങ്ങൾ തന്നെയാണ് കേന്ദ്രത്തിന് നാശവും വിതച്ചത്.

തകർന്നത് പഠനത്തിനും വിനോദത്തിനുമുള്ള ഉപാധികൾ

കുട്ടികൾക്കും മുതിർന്നവർക്കും പഠനത്തിനും വിനോദത്തിനും ഉപകരിക്കുംവിധം ആവിഷ്‌കരിച്ച പദ്ധതിയാണ് കാറ്റുകൊണ്ടുപോയത്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ കവിയും ഭക്തകവിയുമായിരുന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ പേരിൽ പൈതൃക കാർഷിക വിനോദ സഞ്ചാര കേന്ദ്രം ആരംഭിച്ചത് അടുത്തിടെയാണ്. ഏറെ പാരമ്പര്യമുള്ളതാണ് തിരുമുമ്പ് ഭവനം. അറിവിനും ആസ്വാദനത്തിനും ഏറെ പ്രാധാന്യം നൽകി പണി കഴിപ്പിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രം ഏവർക്കും പ്രയോജനകരമായിരുന്നു.