എഴുകോൺ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ മോപ്പ് വയറ്റിൽ തുന്നിക്കെട്ടി വിവാദത്തിലായ എഴുകോൺ ഇ.എസ്.ഐ ആശുപത്രി നിയന്ത്രിക്കുന്നത് ചില ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ ലോബി.
മാറിവരുന്ന മെഡിക്കൽ സൂപ്രണ്ടുമാരെ കൈയിലെടുത്താണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്.
ആശുപത്രിയിലെ താത്കാലിക നഴ്സിംഗ് അസിസ്റ്റന്റ് ചിഞ്ചുരാജിന് ശനിയാഴ്ച ഉച്ചയ്ക്ക് മൈനർ ഓപ്പറേഷൻ റൂമിൽ പ്രസവശസ്ത്രക്രിയ നടത്തിയത് ഗൈനക്ക് യൂണിറ്റ് മേധാവി അറിയാതെയാണെന്നാണ് വിവരം. ആശുപത്രി സൂപ്രണ്ടിന്റെ അനുമതി ലഭിച്ചിരുന്നതായും വിവരമുണ്ട്.
അണുപ്രസരണത്തിന് ഏറെ സാദ്ധ്യതയുള്ള ശസ്ത്രക്രിയകളാണ് സാധാരണ മൈനർ തിയേറ്ററിൽ നടക്കുന്നത്. അടിയന്തര സാഹചര്യം ഇല്ലാതിരിക്കെ വയറ് തുറന്നുള്ള ശസ്ത്രക്രിയ ഇവിടെ നടത്തിയത് അനാസ്ഥയാണ്. മോപ്പ് ഉള്ളിലിട്ട് തുന്നിക്കെട്ടിയതും ഗുരുതര വീഴ്ചയായി. സാധാരണ തിയേറ്ററുകളിൽ രക്തസ്രാവം തടയുന്നതിന് ആധുനിക സൗകര്യങ്ങളുണ്ട്. മൈനർ തിയേറ്ററിൽ ഈ സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ മോപ്പ് ഉപയോഗിക്കേണ്ടിയും വന്നു.
ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്റർ അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് രണ്ടു വർഷത്തോളമായി. മുൻ സൂപ്രണ്ടിന്റെ കാലത്ത് നവീകരണം പൂർത്തിയായപ്പോഴേക്കും അദ്ദേഹം സ്ഥലം മാറി. പുതിയ സൂപ്രണ്ട് നവീകരണത്തിൽ മാറ്റങ്ങളും വരുത്തി. നിലവിലുള്ള വൈദ്യുതി കണക്ടഡ് ലോഡിൽ വന്ന വ്യത്യാസം പരിഹരിക്കാൻ സബ്സ്റ്റേഷന്റെ പണി കഴിഞ്ഞാലേ നവീകരിച്ച തിയേറ്റർ ഉപയോഗിക്കാനാകൂ എന്നതാണ് അവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |