കൊല്ലം: സാധാരണ ഊണ് കഴിഞ്ഞ് പായസം കൂടിയാകുമ്പോൾ ഉറക്കം വരുന്നതാണ്. എന്നാൽ സ്കൂൾ കലോത്സവത്തിലെ പഴയിടത്തിന്റെ പായസം അങ്ങനെയല്ല. ഉറക്കം വരില്ലെന്ന് മാത്രമല്ല, മത്സരാർത്ഥികൾക്കും സംഘാടകരായ അദ്ധ്യാപകർക്കുമൊക്കെ ഉശിര് കൂടി നൽകുന്ന മാജിക് പഴയിടത്തിന്റെ പായസത്തിനുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഗോതമ്പ് പായസമായിരുന്നു. അതിന് ശേഷം നല്ല രസികൻ അട പ്രഥമൻ. അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ പായസമാണ് ഒരുക്കിയത്. കൊല്ലം ക്രേവൺ സ്കൂളിലെ പാചകപ്പുരയിൽ തലങ്ങും വിലങ്ങും കറങ്ങിനടക്കുകയാണ് പഴയിടം. ഇടയ്ക്കിടക്ക് അടുപ്പത്തിരിക്കുന്ന ഓരോന്നിന്റെയും രുചി നോക്കും. വേണ്ട നിർദ്ദേശങ്ങൾ നൽകും. മൂവായിരം പേർക്ക് സാമ്പാർ വയ്ക്കുന്ന ചെമ്പിലാണ് തോരൻ വേവുന്നത്. എണ്ണൂറ് പേർക്ക് പരിപ്പ് വയ്ക്കുന്ന ചെമ്പിലാണ് അച്ചാർ വയ്ക്കുന്നത്. ഉച്ചയ്ക്കുള്ള സദ്യ ആരംഭിക്കുന്നതിന് മുമ്പ് അത്താഴത്തിനുള്ള ഒരുക്കം തുടങ്ങും. അത്താഴത്തിന് മുമ്പേ തൊട്ടടുത്തെ ദിവസത്തെ പ്രാതലിനും ഊണിനുമുള്ള ഒരുക്കം ആരംഭിക്കും. കഴിഞ്ഞ നാല് ദിവസമായി പാചകത്തൊഴിലാളികൾ മാറിമാറിയെത്തി, ഉറങ്ങാതെ പാചകത്തിലാണ്.
2400 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് കൊല്ലം ക്രേവൺ സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. ഒരു ദിവസം മൂന്ന് നേരമായി 45000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. ഉച്ചയ്ത്ത് 20000 പേർക്കാണ് സദ്യ. കഴിഞ്ഞ 23 വർഷമായി പഴയിടമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കുന്നത്. തിരക്കിനിടയിലും കൊല്ലത്തെ സുഹൃത്തുക്കളെല്ലാം പഴയിടം മോഹനൻ നമ്പൂതിരിയെ കാണാൻ എത്തുന്നുണ്ട്. സെൽഫിയെടുക്കാനും ആരാധകരുടെ തിരക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |