രോഗികൾ ഒ.പി ടിക്കറ്റിന് ക്യൂ നിന്ന് തളരുന്നു
കൊല്ലം: ഒ.പി ടിക്കറ്റ് ഓൺലൈനായി എടുക്കാൻ സർക്കാർ ആവിഷ്കരിച്ച ഇ- ഹെൽത്ത് പദ്ധതിയിൽ ജില്ലാ ആശുപത്രിയെ ഉൾപ്പെടുത്താത്തതിനാൽ പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ക്യൂ നിന്ന് വലയുന്നു.
ശരാശരി 3500 പേർ വരെ ദിവസം ഒ.പിയിൽ എത്താറുണ്ട്. രാവിലെ ഏഴിന് ടിക്കറ്റിനുള്ള ടോക്കൺ വിതരണം ആരംഭിക്കും. രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരും ടിക്കറ്റ് ലഭിക്കാൻ. ഇക്കാരണത്താൽ ഡോക്ടറെ കാണുമ്പോഴേക്കും ഉച്ച കഴിയും. അതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ്. പ്രായമേറിയവർ പലരും കാത്തുനിന്ന് തളർന്നുവീഴുന്ന അവസ്ഥയുമുണ്ട്.
ഒ.പി ടിക്കറ്റ് കൗണ്ടറിനു പുറമേ അഞ്ചിടത്ത് ക്യൂ നിന്നെങ്കിൽ മാത്രമേ മരുന്നടക്കം വാങ്ങി പുറത്തിറങ്ങാനാവൂ. ആഹാരം പോലും കഴിക്കാതെയാണ് രോഗികളടക്കമുള്ളവർ ക്യൂ നിൽക്കുന്നത്. ഇ ഹെൽത്ത് സംവിധാനത്തിനായി ഡോക്ടർമാരുടെ കാബിൻ, നഴ്സിംഗ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം കമ്പ്യൂട്ടറും നെറ്റ്‌വർക്ക് സംവിധാനവും ഏർപ്പെടുത്താൻ നടപടി ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല.
ഫലപ്രദം ഇ-ഹെൽത്ത്
സംസ്ഥാന ഐടി മിഷനുമായി ചേർന്ന് ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഇ-ഹെൽത്ത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മുതൽ മെഡി. ആശുപത്രികൾ വരെ പരിധിയിൽ വരും. സ്വകാര്യ ആശുപത്രികൾ ഫലപ്രദമായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്റർനെറ്റ് ലഭ്യമായ ഏതു സംവിധാനത്തിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാരേഖ ഇതിലൂടെ ലഭ്യമാകും. ഒ.പി ചീട്ട് എടുക്കുന്നതു മുതൽ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് മുഖേനയാവും ചെയ്യുക. ലാബ്, എക്സ്റേ പരിശോധന റിപ്പോർട്ടുകൾ എന്നിവ കമ്പ്യൂട്ടറിലൂടെ ഡോക്ടർമാർക്ക് ലഭ്യമാകും.
ഇ ഹെൽത്ത് ആരംഭിച്ചത്: 2016
സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം ഉള്ള ആശുപത്രികൾ:602
ജില്ലാടിസ്ഥാനത്തിൽ ആശുപത്രികകൾ: തിരുവനന്തപുരം:106, തൃശൂർ:70, കൊല്ലം:31, പാലക്കാട്:45, പത്തനംതിട്ട:20, മലപ്പുറം:54, ആലപ്പുഴ:32, കോഴിക്കോട്:57, കോട്ടയം:32, വയനാട്:18, ഇടുക്കി:20, കണ്ണൂർ:40, എറണാകുളം:54, കാസർകോട്:23
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയ നിർമ്മാണ പദ്ധതി ഉള്ളതിനാലാണ് ഇ- ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത് വൈകുന്നത്
ജില്ലാ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |