കൊല്ലം: പിന്നാക്ക വിഭാഗത്തിൽ നിന്നു കൂടുതൽ ശാസ്ത്രജ്ഞരും ഗവേഷകരും ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് കൗൺസിൽ നടപ്പാക്കുന്ന കുട്ടി ഗവേഷകൻ, കുട്ടി ശാസ്ത്രജ്ഞൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിശാലമായ കാഴ്ചപ്പാടോടെയാണ് ശ്രീനാരായണ എംപ്ലോയീസ് കൗൺസിൽ കുട്ടി ഗവേഷകൻ, കുട്ടി ശാസ്ത്രജ്ഞൻ പദ്ധതി നടപ്പാക്കുന്നത്. ഗവേഷണതല്പരതയും ശാസ്ത്ര അഭിരുചിയും കുട്ടിക്കാലത്ത് തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് കേരളത്തെയും ലോകത്തെയും കൂടുതൽ പ്രബുദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ പിന്നാക്ക വിഭാഗക്കാരിൽ ഗവേഷകരും ശാസ്ത്രജ്ഞരും താരതമ്യേന കുറവാണ്. ഈ സ്ഥിതിയും പരിഹരിക്കപ്പെടണം. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ ഉണർത്തണം. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹ്യ ഉത്തരവാദിത്വവും വളർത്തിയെടുക്കുന്നതിനൊപ്പം വ്യക്തിത്വവും എഴുതാനും പ്രസംഗിക്കുവാനുമുള്ള കഴിവുകളും വികസിപ്പിച്ച് പുതുതലമുറയ്ക്ക് മികച്ച കരിയർ ഉറപ്പാക്കുകയെന്ന സ്വപ്നവും ഈ പദ്ധതിക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്ര ദീപം തെളിച്ചു.
ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന ചെയർമാൻ ഡോ. എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ, യോഗം കൗൺസിലർ പി.സുന്ദരൻ, എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജോഷി, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്, എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ അശ്വതി സുഗുണൻ, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു വിജയകുമാർ, കൊല്ലം എസ്.സി.ആർ.സി ചെയർപേഴ്സൺ ഡോ.എസ്.ഷീബ, കൺവീനർ ഡോ.ആർ. ഇന്ദു, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലിൽ, ഡോ. ശില്പ ശശാങ്കൻ, സിൻസി, ഡോ.പി. ദിവ്യ, ഡോ. ശ്രുതി നന്ദൻ, എസ്. ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ സ്വാഗതവും കൗൺസിൽ സംസ്ഥാന കൺവീനർ ഡോ.ആർ.വി.സുമേഷ് നന്ദിയും പറഞ്ഞു. കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.അബേഷ് രഘുവരൻ വിഷയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |