ശാസ്താംകോട്ട: തടാക തീരത്ത് ഇന്നലെയും ഏക്കറുകളോളം സ്ഥലം അഗ്നിക്കിരയായി. രാവിലെ പതിനൊന്നോടെ സ്‌റ്റേഡിയത്തിന്റെ തെക്ക് നിന്നാണ് തീപിടിത്തം ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ്, പൊലീസ് സ്റ്റേഷൻ ഭാഗങ്ങളിലേയ്ക്ക് തീ പടർന്നു.
പൊലീസ് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റിയതിനാൽ അപകടം ഒഴിവായി. ഒരുവർഷം മുമ്പ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് തീ പടർന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അറുപതോളം വാഹനങ്ങൾ കത്തി നശിച്ചിരുന്നു.
ഹരിതതീരം പദ്ധതി പ്രകാരം നട്ട 4-5 വർഷം പഴക്കമുള്ള കശുമാവ്, മാവ് എന്നിവയും കത്തിനശിച്ചവയിൽ ഉൾപ്പെടും. കോളേജിന് സമീപത്തെ മുളംകാട്ടിലേയ്ക്ക് തീ പടർന്നെങ്കിലും അഗ്നിശമന സേനയെത്തി തീ അണച്ചു. കോളേജിലെ ലേഡീസ് ഹോസ്റ്റലിന് സമീപം വരെ തീ പടർന്നു.
സമീപത്തെ പുല്ലും അക്കേഷ്യ മരങ്ങളും തീ ഗോളമായതോടെ കുട്ടികളും പരിഭ്രാന്തരായി. ചില സ്ഥലങ്ങളിൽ രാത്രി വൈകിയും തീയും പുകയും ഉയർന്നതിനാൽ ശാസ്താംകോട്ട അഗ്നിശമന സേന രക്ഷാപ്രവർത്തനം തുടരുകയാണ്.
വേനൽ തുടങ്ങിയ ശേഷം നിരവധി തവണയാണ് തടാക തീരത്ത് തീപിടിത്തം ഉണ്ടാകുന്നത്. മുമ്പ് ഫയർഫോഴ്സിന്റെയും കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഫയർ ബ്രേക്കർ സ്ഥാപിച്ചിരുന്നതിനാൽ തീപിടിത്തം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം നടപടികൾ സ്വീകരിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |