ചാത്തന്നൂർ: ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ രേഖകൾ ചമച്ച് ആധാരം രജിസ്റ്റർ ചെയ്ത ലൈസൻസികളുടെ ലൈസൻസ് രജിസ്ട്രേഷൻ വകുപ്പ് റദ്ദ് ചെയ്തു. ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 422/2013, 2645/2018 എന്നീ പ്രമാണങ്ങൾ തയ്യാറാക്കിയ ജി.മുരളീധരൻ (ക്യു.ഡി.എ. 114), സുനിൽകുമാർ (ക്യു.ഡി.എ 567) എന്നീ ലൈസൻസികൾക്കെതിരേയാണ് നടപടി.
പാരിപ്പള്ളി സ്വദേശിനിയും റിട്ട.അദ്ധ്യാപികയുമായ സുനന്ദയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്തിന്റെ ഒരുഭാഗം ആധാരം ലൈസൻസികളുടെ സഹായത്തോടെ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി. പാരിപ്പള്ളി ജഗ്ഷനിൽ ദേശീയ പാതയോടുചേർന്നുള്ള സുനന്ദയുടെ പുരയിടത്തിന്റെ ഒരു ഭാഗമാണ് ഇവർ തൊട്ടടുത്ത പുരയിടം ഉടമയ്ക്ക് വ്യാജരേഖകൾ ചമച്ച് രജിസ്റ്റർ ചെയ്ത് നൽകിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരത്തുക കൈമാറാനുള്ള രേഖകൾ സമർപ്പിച്ചപ്പോഴാണ് സുനന്ദയുടെ വസ്തുവിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന് (ലൈസൻസിംഗ്) നൽകിയ പരാതിയെ തുടർന്ന് ദക്ഷിണ മേഖലാ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |