കൊല്ലം: മീനച്ചൂടിനെയും തോൽപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറിയതോടെ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ പി.ആർ ഏജൻസികളും വിയർത്ത് തുടങ്ങി. ജയിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥാനാർത്ഥിയോടും, 'പണം മുടക്കൂ ജയിപ്പിച്ച് തരാം' എന്നാണ് ഇവരുടെ വാഗ്ദാനം.
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുന്നേ പി.ആർ ഏജൻസികൾ കളത്തിലിറങ്ങിയിരുന്നു. മുന്നണികൾക്ക് മൊത്തത്തിലും സ്ഥാനാർത്ഥികൾക്ക് സ്വന്തം നിലയിലും പി.ആർ ഏജൻസികളുണ്ട്. സ്ഥാനാർത്ഥിയുടെ ഒരു ദിവസത്തെ പ്രചാരണം എങ്ങനെയായിരിക്കണം, ഏതൊക്കെ സ്ഥലങ്ങളിൽ സംസാരിക്കണം, എവിടെയാണ് ജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടത് എന്നിങ്ങനെ പി.ആർ ടീമിന്റെ നിർദ്ദേശം അനുസരിച്ചാണ് നടക്കുന്നത്.
കണ്ടന്റ് റൈറ്റർ, എഡിറ്റർ, ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, കോ ഓർഡിനേറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻസംഘമാണ് ഓരോ സ്ഥാനാർത്ഥിക്കുമൊപ്പമുള്ളത്.
താഴെ തട്ടിലെ പാർട്ടി സംവിധാനങ്ങളുടെ പ്രചാരണത്തിന് പുറമേയാണ് പി.ആർ പ്രചാരണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥിക്ക് നേരെ ആരോപണം ഉയർന്നാൽ നിമിഷനേരത്തിൽ മറുപടി അണികളിലെത്തിക്കാൻ പ്രത്യേക വാർ റൂമും, വാട്സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ ചർച്ചയാകേണ്ട വിഷയങ്ങൾ എന്തൊക്കെയെന്നതുൾപ്പെടെ ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായ ട്രെൻഡ് ഒരുക്കുന്നതും ഇത്തരം ഏജൻസികളാണ്.
സഹായത്തിന് എ.ഐ സാങ്കേതികവിദ്യയും
1. അന്തരിച്ച ജനപ്രിയ നേതാക്കളുടെ ശബ്ദത്തിലും വീഡിയോയിലും സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രചാരണമാണ് ഇത്തവണത്തെ പ്രത്യേകത
2. അന്തരിച്ച നേതാക്കളായ ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ മുൻ മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാവുമായിരുന്ന ഉമ്മൻചാണ്ടി എന്നിവരുടെ എ.ഐ രൂപത്തിലുള്ള വീഡിയോ ഇതിനോടകം വൈറൽ
3. 2014ൽ എൻ.ഡി.എ ആണ് പി.ആർ ഏജൻസിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് തുടങ്ങിയത്
പ്രതിഫലം - ₹10 ലക്ഷം മുതൽ കോടികൾ
പി.ആർ ടീമിന്റെ പ്രവർത്തനം
മണ്ഡലത്തെക്കുറിച്ച് വിശദമായ പഠനം, സർവേ
ആറ് മാസം മുമ്പേ ഏജൻസികൾ വിവരശേഖരണം നടത്തി
പ്രായവും അഭിപ്രായവും ഉൾപ്പെടുത്തി ഡേറ്റാ ബേസ് തയ്യാറാക്കും
വോട്ട് കുറയുന്ന മേഖല കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം
ഉത്സവം, നോമ്പുതുറ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ എത്തിച്ച് പ്രചാരണം
കുടുംബയോഗങ്ങൾ, പോസ്റ്ററുകൾ, റീൽസ് വീഡിയോകൾ
പഴയ പോസ്റ്റുകളും വിവാദങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കും
ഓൺലൈൻ പ്രചാരണത്തിന് സാദ്ധ്യമായതെല്ലാം പ്രയോഗിക്കും. നെഗറ്റീവ് പബ്ലിസിറ്റിയും സ്ഥാനാർത്ഥിക്ക് അനുകൂലമാക്കും. പോസ്റ്ററിലെ കളർ കോമ്പിനേഷനിൽ പോലും അതീവശ്രദ്ധ പുലർത്തുന്നുണ്ട്.
പി.ആർ ഏജൻസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |