കൊല്ലം: നൃത്തത്തിൽ വർണത്തിനൊത്താണ് ചുവടുവയ്ക്കേണ്ടത്. വരികളുടെ അർത്ഥം ഭാവങ്ങളിലൂടെയും മുദ്രകളിലൂടെയും ആസ്വാദകരുടെ ഹൃദയത്തിൽ നിറയ്ക്കണം. ജന്മനാ ബധിരയും മൂകയുമായ എം.എസ്.ദേവലക്ഷ്മിക്ക് താളവും വർണങ്ങളും കേൾക്കാനാകില്ല. പക്ഷെ ചുവടുപിഴയ്ക്കില്ല. കേരള സർവകലാശാല കലോത്സവത്തിൽ ഹൃദയത്താൽ താളവും വരികളും കേട്ട് ആനന്ദനൃത്തമാടുകയാണ് ദേവലക്ഷ്മി.
ഭരതനാട്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചിറങ്ങിയ ദേവലക്ഷ്മിയെ അഭിനന്ദിക്കാൻ സദസിൽ നിന്നും ചിലരെത്തി. അവർക്ക് സന്തോഷകണ്ണീർ കൊണ്ടാണ് ദേവലക്ഷ്മി മറുപടി പറഞ്ഞത്. അപ്പോഴാണ് കാഴ്ചക്കാരിൽ പലരുമറിഞ്ഞത് ദേവലക്ഷ്മിക്ക് മിണ്ടാനും കേൾക്കാനുമാകില്ലെന്ന്. ഇന്ന് കുച്ചിപ്പുടി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ദേവലക്ഷ്മി അടക്കമുള്ള വിദ്യാർത്ഥികളുമായി ടീച്ചർ കലോത്സവം കാണാൻ പോയി. കുച്ചിപ്പുടി മത്സരം ഇത്തിരി നേരം കണ്ട ശേഷം അടുത്തവേദിയിലേക്ക് പോകാമെന്ന് ടീച്ചർ പറഞ്ഞപ്പോൾ മറ്റു കുട്ടികളെല്ലാം ഒപ്പം കൂടി. പക്ഷെ ദേവലക്ഷ്മി അല്പം മടിച്ചു. മിണ്ടാനാകാത്ത ദേവലക്ഷ്മിയുടെ മനസ് ടീച്ചർ മുഖത്ത് നിന്ന് വായിച്ചു. അന്ന് തന്നെ ടീച്ചർ വിളിച്ച് അമ്മയോട് ദേവലക്ഷ്മിയെ നൃത്തം പഠിപ്പിക്കണമെന്ന് പറഞ്ഞു. പിന്നാലെ തന്നെ ദേവലക്ഷ്മിയുടെ അഗ്രഹം അച്ഛനും അമ്മയും സഫലമാക്കി.
സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ സ്കൂളിലെ സംഘനൃത്ത ടീമിലെ സ്ഥിരം അംഗമായിരുന്നു ദേവലക്ഷ്മി. പ്ലസ് ടുവിന് പഠിക്കുമ്പോൾ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ നാടോടിനൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഭിന്നശേഷക്കാർക്കൊപ്പമേ ദേവലക്ഷ്മി ഇതുവരെ മത്സരിച്ചിട്ടുള്ളായിരുന്നു. കൊല്ലത്തെ കേരള സർവകലാശാല കലോത്സവത്തിലാണ് ആദ്യമായി മറ്റു കുട്ടികൾക്കൊപ്പം മത്സരിക്കുന്നത്. അടൂർ ബിഷപ്പ് മൂർ കോളേജ് ഫോർ ഹിയറിംഗ് ഇമ്പേർഡിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. ശൂരനാട് കോട്ടൂരേത്ത് വീട്ടിൽ മുരളീധരന്റെയും ശിശിതയുടെയും മകളാണ്. ബാങ്ക് കോച്ചിംഗ് വിദ്യാർത്ഥി വിഷ്ണുദേവ് സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |