കുങ്ഫു ചാമ്പ്യൻഷിപ്പ് കൊട്ടാരക്കരയിൽ
കൊല്ലം: കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 29-ാമത് കുങ്ഫു ചാമ്പ്യൻഷിപ്പ് നാളെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒ.രതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.ആർ.കെ.നവീൻ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, സി.ഐ പി.ഡി.ജിജുകുമാർ, എസ്.ബിനു, പി.ടി.സംഗീത്, ഹരീഷ്, സജി തോമസ്, സിബി എൽസാ ഫിലിപ്പ്, ബിനു സോളമൻ, ജോസ് ചാർളി എന്നിവർ സംസാരിക്കും. വിവിധ കുങ്ഫു വിഭാഗം മത്സരങ്ങളിൽ 200 അഭ്യാസികൾ പങ്കെടുക്കും. 6 മുതൽ 50 വയസുവരെയുള്ള വിവിധ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. കുങ്ഫു വെപ്പൺ പെർഫോം, ബാർക്ക് ഹാൻഡ് പെർഫോമൻസ്, പോയിന്റ് ഫൈറ്റ്, സാന്റാ ബോക്സിംഗ് എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുന്നു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ സമ്മാന വിതരണം നിർവഹിക്കും. കൊട്ടാരക്കര സി.ഐ പി.ഡി. ജിജുകുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.ആർ.കെ.നവീൻ, പ്രസിഡന്റ് ഒ.രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.