കൊല്ലം: ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ് ഭിത്തിക്കും മൈൽ കുറ്റിക്കുമിടയിൽ തലകുടുങ്ങിയ മദ്ധ്യവയസ്കനെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി.
കുന്നത്തൂർ ഞാങ്കടവ് പാലത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു അപകടം. ഐവർകാല കിഴക്ക്, ആദിമത്ത്ശേരി സ്വദേശി നടരാജനാണ് (45) അപകടത്തിൽപ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് നാട്ടുകാർ ശാസ്താംകോട്ട അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഒരുമണിക്കൂറോളം പരിശ്രമിച്ച് ഭിത്തി തകർത്താണ് പരിക്കേൽക്കാതെ നടരാജനെ രക്ഷിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാസ്താംകോട്ട ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മാത്യു കോശിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, അഭിലാഷ്, മനോജ്, രാജേഷ്, ഡ്രൈവർ ജയപ്രകാശ്, ഹോംഗാർഡ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |