ചങ്ങനാശേരി : വേനൽ കനത്തതോടെ ചങ്ങനാശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കല്ലിശ്ശേരി, കറ്റോട് ജലപദ്ധതികളിൽ നിന്നാണ് നഗരസഭയ്ക്കും വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിലും ജലവിതരണം നടത്തുന്നത്. നഗരസഭയിലെ 37 വാർഡുകളെ 6 സോണുകളാക്കി തിരിച്ചാണ് ജലവിതരണം. ഓരോ സോണിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ 15 മണിക്കൂറാണ് വാൽവ് തുറന്നുവയ്‌ക്കേണ്ടത്. ഉയർന്ന ജനസാന്ദ്രതയുള്ള സോണുകളിൽ ഇത് 24 മണിക്കൂർ വരെ നീളും. ഇത്തരത്തിൽ ഓരോ സോണുകളിലും ജലവിതരണം നടത്തിവരുമ്പോൾ ഉണ്ടാകുന്ന സമയ വ്യത്യാസം മൂലം വൻതുക നൽകി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ജനം. ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്കയാണ്.
പാഴായിപ്പോകുന്നു ലിറ്റർ കണക്കിന് വെള്ളം
പദ്ധതി അന്തിമഘട്ടത്തിൽ എത്തിയിട്ടും കമ്മിഷൻ ചെയ്യാൻ വൈകിയതോടെ കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് കല്ലിശേരി പദ്ധതി യാഥാർത്ഥ്യമായത്. പമ്പയാറ്റിൽ നിന്നാണ് പദ്ധതിക്കായി ജലം സംഭരിക്കുന്നത്. ട്രയൽ റൺ നടത്തിയപ്പോൾ രാമൻചിറ ഭാഗത്തു പൈപ്പ് പൊട്ടിയതിൽ തുടങ്ങിയ കല്ലിശേരി പദ്ധതിയുടെ 'ശനിദശ' ഇനിയും അവസാനിച്ചിട്ടില്ല. കറ്റോട് പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണത്തിനിടയിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. വെള്ളം ലഭിക്കുന്നതിലും കാലത്താമസം.
മോർക്കുളങ്ങരയിലെ ജലശുദ്ധീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് ശുദ്ധജലം മുഴുവൻ സമയവും ഉറപ്പാക്കാൻ കഴിയും. കൂടാതെ പെരുന്നയിൽ പൂർത്തീകരിക്കുന്ന 15 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയും കുറിച്ചി, തൃക്കൊടിത്താനം എന്നിവിടങ്ങളിലെ സംഭരണിയും പഞ്ചായത്തുകളിലെ ജലജീവനും പൂർത്തിയാകുന്നതോടെ ഫലപ്രദമായ രീതിയിൽ ജലവിതരണം സാദ്ധ്യമാകും.
-ജോബ് മൈക്കിൾ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |