മുട്ടം: പോളിടെക്നിക്ക് ബോയ്സ് ഹോസ്റ്റലിന്റെ മുറ്റത്ത് നിന്ന് നായയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ അന്യസംസ്ഥാനക്കാരനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. ഹോസ്റ്റലിന്റെ മുറ്റത്ത് പതിഞ്ഞ അജ്ഞാത ജീവിയുടെ കാൽപ്പാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പൂച്ചപ്പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ രണ്ടാഴ്ചയായി മുട്ടം, കരിങ്കുന്നം പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ വ്യാപിച്ചുകിടക്കുന്ന ഇല്ലിചാരി മലയുടെ ചില ഭാഗങ്ങളിൽ അജ്ഞാത ജീവി പട്ടി, ആട്, കുറുക്കൻ എന്നിവയെ കൊന്നുതിന്നുന്നതായി കണ്ടെത്തിയിരുന്നു. ഇല്ലിചാരി മലയോട് ചേർന്ന് മുട്ടം പഞ്ചായത്തിൽപ്പെട്ട കരിക്കനാംപാറ ഭാഗം കുറെ വനഭൂമിയോടും കാടുപിടിച്ച് കിടക്കുന്ന സർക്കാർ തരിശു ഭൂമിയോടും ചേർന്നാണ് പോളിടെക്നിക്ക് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. പരിശോധനയിൽ പുലിയുടേത് എന്ന് സംശയിക്കുന്ന ഒന്നും കണ്ടെത്തിയില്ലെന്ന് റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |